നടനും ‘മക്കള്‍ നീതി മയ്യം’ പ്രസിഡന്റുമായ കമല്‍ഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സല്‍മയും ഡി.എം.കെ ടിക്കറ്റില്‍ രാജ്യസഭയിലേക്ക്. നിലവിലെ രാജ്യസഭാംഗം അഡ്വ: പി. വില്‍സണ്‍, സേലം മുൻ എം.എല്‍.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികള്‍. തമിഴ്‌നാട്ടില്‍ ആറും അസമില്‍ രണ്ടും അടക്കം എട്ട് രാജ്യസഭ സീറ്റുകളിലേക്ക് ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്.
എം.എല്‍.എമാരുടെ എണ്ണം കണക്കിലെടുത്താല്‍ ഡി.എം.കെ സഖ്യത്തിന് നാലും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും.2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബാണ് മക്കള്‍ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ ജനവിധി തേടിയ കോയമ്ബത്തൂർ മണ്ഡലത്തില്‍ കമല്‍ഹാസൻ മത്സരിക്കാൻ തയാറായിരുന്നു. എന്നാല്‍, ബി.ജെ.പി സ്ഥാനാർഥിയെ തോല്‍പിക്കുകയെന്ന ലക്ഷ്യത്തോടെ കോയമ്ബത്തൂർ സീറ്റ് ഡി.എം.കെ ഏറ്റെടുക്കുകയായിരുന്നു. ഇതിന് പകരമായി കമല്‍ഹാസന് ഡി.എം.കെ രാജ്യസഭ സീറ്റ് വാഗ്ദാനം നല്‍കി.
2018ലാണ് കമല്‍ഹാസൻ മക്കള്‍ നീതി മയ്യം രൂപവത്കരിച്ച് രാഷ്ട്രീയത്തിലിറങ്ങിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്ബത്തൂർ സൗത്ത് മണ്ഡലത്തില്‍ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് കമല്‍ഹാസൻ കുറഞ്ഞ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

















