ഇടതുപാർട്ടികളില്‍ സി.പി.ഐയേക്കാള്‍ ആളും അർഥവും കൂടുതല്‍ സി.പി.എമ്മിനാണെന്നാണ് പൊതുവേയുള്ള ധാരണ. ബക്കറ്റ് പിരിവിന്റെയും സംഭാവനയുടെയുമൊക്കെ കാര്യത്തിലും സി.പി.എമ്മിന് ഏറെ പുറകില്‍ മാത്രമാണ് സി.പി.ഐക്ക് സ്ഥാനമെന്നതാണ് പൊതുവിലുള്ള ചിന്താഗതിയും. എന്നാല്‍, ഈ മുൻധാരണകളെല്ലാം തകർത്തെറിയുന്ന കണക്കുകളാണിപ്പോള്‍ പുറത്തുവരുന്നത്.

സംഭാവന വഴി പാർട്ടി ഫണ്ടിലേക്ക് പണമെത്തിക്കുന്നതില്‍ സി.പി.എമ്മിനെ കടത്തിവെട്ടിയിരിക്കുകയാണ് സി.പി.ഐ. 2023-24ല്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും സി.പി.എമ്മിന് ലഭിച്ച മൊത്തം സംഭാവന 7.64 കോടി രൂപയാണെങ്കില്‍ ഇതേ കാലയളവില്‍ സി.പി.ഐയ്ക്ക് കേരളത്തില്‍ നിന്ന് മാത്രം ലഭിച്ചത് 10.07 കോടി രൂപ! തെരഞ്ഞടുപ്പ് കമീഷന് ഇരു പാർട്ടികളും നല്‍കിയ കണക്കിലാണ് തങ്ങള്‍ക്ക് ലഭിച്ച തുക വെളിപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയും സി.പി.എം ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന പ്രകാശ് കാരാട്ടും ഔദ്യോഗികമായി നല്‍കിയ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. എം.പിമാരുടെ ലെവിയും സംസ്ഥാന കൗണ്‍സിലുകളുടെ സംഭാവനയും ഉള്‍പ്പെടെ സി.പി.ഐക്ക് രാജ്യത്തുനിന്നും മൊത്തം ലഭിച്ചത് 11.59 കോടി രൂപയാണ്. സി.പി.എമ്മിനേക്കാള്‍ മൊത്തം നാലുകോടിയോളം രൂപ അധികം.

2022-23 സി.പി.എമ്മിന് ആറു കോടി കോടി രൂപ സംഭാവനയായി ലഭിച്ചപ്പോള്‍ സി.പി.ഐക്ക് അന്ന് കിട്ടിയത് 5.5 കോടിയാണ്. അതിന്റെ ഇരട്ടിയിലേറെയാണ് തൊട്ടടുത്ത വർഷം സി.പി.ഐ പിരിച്ചെടുത്തത്. സി.പി.ഐയുടെ സംഭാവനയില്‍ ഏറിയ പങ്കും പാർട്ടിയുടെ സംസ്ഥാന, ജില്ല കൗണ്‍സിലുകളുടെ പക്കല്‍നിന്ന് ലഭിച്ചവയാണ്. ലെവിയും അംഗത്വ ഫീസുമാണ് ഇതിനു പുറമേയുള്ളത്.

സി.പി.എമ്മിന് ലഭിച്ച 7.64 കോടിയില്‍ വലിയ കമ്ബനികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിഹിതമുണ്ട്. നാറ്റ്കോ ഫാർമ ലിമിറ്റഡ് എന്ന കമ്ബനി നല്‍കിയത് ഒരു കോടി രൂപയാണ്. മറ്റ് ചില ഫാർമ കമ്ബനികളും ആരോഗ്യമേഖലയിലെ മറ്റു സ്ഥാപനങ്ങളും ചേർന്ന് സംഭാവന ചെയ്തത് 70 ലക്ഷത്തിലേറെ. നിർമാണമേഖലയിലെ കമ്ബനികളും സി.പി.എം ഫണ്ടിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

2023-24ല്‍ കൂടുതല്‍ തുക സംഭാവന ലഭിച്ച പാർട്ടി ബി.ജെ.പിയാണ്. 2244 കോടി രൂപയാണ് സംഭാവനയായി പാർട്ടി അക്കൗണ്ടിലെത്തിയത്. കോണ്‍ഗ്രസിന് 281.48 കോടി സംഭാവനയായി ലഭിച്ചു. 20,000 രൂപയിലധികം ലഭിച്ച സംഭാവനകളുടെ കണക്കാണ് പാർട്ടികള്‍ കമീഷന് നല്‍കിയത്. 2022-23 ല്‍ ബി.ജെ.പിക്ക് 719 കോടിയും കോണ്‍ഗ്രസിന് 79 കോടിയുമാണ് സംഭാവനയിനത്തില്‍ ലഭിച്ചത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക