കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ലാ അധ്യക്ഷൻ ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി നേതാക്കൾ ഇന്ന് പാലായിൽ നടത്തിയ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ മാണി സി കാപ്പൻ എംഎൽഎക്കെതിരെയുള്ള കടന്നാക്രമണം ആയിരുന്നു. പാലായിൽ കഴിഞ്ഞ അഞ്ചു വർഷമായി വികസന മുരടിപ്പാണ് എന്നും ഇതിന് കാരണക്കാരൻ എംഎൽഎ ആണെന്നുമാണ് ഇക്കൂട്ടരുടെ കണ്ടെത്തൽ. എന്നാൽ 2021ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അന്നുമുതൽ പാലായുടെ വികസനത്തിന് തുരങ്കം വയ്ക്കുന്നത് ജോസ് കെ മാണിയും അദ്ദേഹത്തിൻറെ പാർട്ടിയും ആണെന്ന് യാഥാർത്ഥ്യം ജനങ്ങൾക്കറിയാം.

കോട്ടയം എംപി ആയിരിക്കെ ഒന്നര വർഷത്തിലധികം കാലാവധി ഉണ്ടായിരുന്ന പദവി ഉപേക്ഷിച്ച് രാജ്യസഭയിൽ എംപി ആവുകയും പിന്നീട് അവിടെ മൂന്നര വർഷത്തിലധികം കാലാവധി ഉള്ളപ്പോൾ അത് ഉപേക്ഷിച്ച് നിയമസഭയിൽ മത്സരിക്കുകയും, പരാജയപ്പെട്ടതോടെ വീണ്ടും രാജ്യസഭയിലേക്ക് ചേക്കേറുകയും ചെയ്ത ജോസ് കെ മാണി ഇനിയും നാല് വർഷത്തിലധികം രാജ്യസഭയിൽ കാലാവധി ബാക്കിയുള്ളപ്പോൾ അതും ഉപേക്ഷിച്ച് വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴുള്ള ഈ കടന്നാക്രമണങ്ങൾ. എംഎൽഎയുടെ ശ്രമഫലമായി യാഥാർത്ഥ്യമാകുന്ന വികസന പദ്ധതികളുടെ എല്ലാം പിതൃത്വം അവകാശപ്പെട്ട് ജോസ് കെ മാണിക്ക് വേണ്ടി ഇടതുമുന്നണിയും അദ്ദേഹത്തിൻറെ പാർട്ടിയും ഉയർത്തിയ ഫ്ലക്സ് ബോർഡുകൾ തന്നെയാണ് പാലായിൽ നടന്നിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ നേർസാക്ഷ്യം. എന്നാൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തുകയും കാപ്പനെ വിജയിപ്പിക്കുകയും ചെയ്ത ജനങ്ങളോട് ഭരണ സ്വാധീനം ഉപയോഗിച്ച് പകരം വീട്ടുന്ന നിരവധി സംഭവങ്ങളും പാലായിൽ ഉണ്ടായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാണി സി കാപ്പൻ എംഎൽഎയ്ക്ക് മൂന്നിലവ് പഞ്ചായത്തിൽ ഭൂരിപക്ഷം ലഭിച്ചു എന്നതിൻറെ പേരിൽ മാത്രമാണ് പ്രളയത്തിൽ തകർന്ന കടപുഴ പാലം നിർമ്മിക്കുന്നതിന് ഭരണത്തിൽ പങ്കാളികളായ മാണി ഗ്രൂപ്പ് തടസ്സം സൃഷ്ടിക്കുന്നത്. പാലത്തിന്റെ പുനർ നിർമ്മിതിക്കായി എംഎൽഎ ഫണ്ടിൽ നിന്നും പണം അനുവദിച്ചിട്ടും ബാലിശമായ സാങ്കേതികത്വം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് പണി വൈകിപ്പിക്കുകയായിരുന്നു. ഒടുവിൽ ഹൈക്കോടതിയിൽ വിഷയം ഉയർത്തി കേസ് ഫയൽ ചെയ്യുകയും ഹൈകോടതിയുടെ കർശന നിർദേശം ഉണ്ടാവുകയും ചെയ്തിട്ടും പാലം പണിക്ക് വേണ്ടിയുള്ള നടപടികൾ സർക്കാർതലത്തിൽ വൈകിപ്പിക്കുകയാണ് എന്നുള്ളതാണ് സത്യം.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മന്ത്രിസഭയിൽ കൈകാര്യം ചെയ്യുന്ന ജല വിഭവ വകുപ്പിൽ നിന്ന് ബോധപൂർവ്വം തടസ്സം സൃഷ്ടിക്കപ്പെടുന്നതിലാണ് എംഎൽഎ മാണിസി കാപ്പൻ വിഭാവനം ചെയ്ത മീനച്ചിൽ കുടിവെള്ള പദ്ധതി അടക്കം തടസ്സപ്പെട്ടിരിക്കുന്നത്. മുത്തോലി ഭാഗത്തെ പ്രളയ ദുരിതം അവസാനിപ്പിക്കുവാൻ പര്യാപ്തമായ, കഴിഞ്ഞ ഇടത് മന്ത്രിസഭയുടെ കാലത്ത് കാപ്പൻ ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നതും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് തന്നെയാണ്. ആദ്യവട്ടം എംഎൽഎ ആയപ്പോൾ തന്നെ നടപടികൾ ആരംഭിച്ച ഇപ്പോൾ മാണി സികാപ്പന്റെ ശ്രമഫലമായി പാലാ നിയോജകമണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടം പണിയുവാൻ നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ ആ പദ്ധതിയുടെ പിതൃത്വവും കേരള കോൺഗ്രസും ജോസ് കെ മാണിയും അവകാശപ്പെടുന്നു എന്നതും രാഷ്ട്രീയ മര്യാദ ഇല്ലായ്മയുടെ മറ്റൊരു പതിപ്പാണ്.

പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ മലയോര മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിൽ പൂർത്തിയാക്കിയ ബി എം ബി സി റോഡുകളും, പാലങ്ങളും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ പാലായിൽ ഉണ്ടായ വികസനത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ബഡ്ജറ്റിൽ തുക വിലയിരുത്തിയിട്ടും പദ്ധതികൾ പൂർത്തിയാകാതെ കിടക്കുന്നുണ്ടെങ്കിൽ അതിനുത്തരവാദി പ്രതിപക്ഷ എംഎൽഎ അല്ല മറിച്ച് ഭരണപക്ഷവും സർക്കാരുമാണ് എന്ന വസ്തുത തിരിച്ചറിയുവാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം പാലായിലെ ജനങ്ങൾക്ക് ഉണ്ട്. എംഎൽഎ ഫണ്ട് ഏറ്റവും ഫലപ്രദമായി വിനിയോഗം ചെയ്യുന്ന കേരളത്തിലെ ജനപ്രതിനിധികളിൽ ഒരാളാണ് മാണി സി കാപ്പൻ എന്നതും ഉപജാപകരുടെ ഔദാര്യമില്ലാതെ ജനങ്ങൾക്ക് ഏതുനിമിഷവും അദ്ദേഹം സമീപസ്ഥൻ ആണെന്നുള്ളതും രാഷ്ട്രീയ എതിരാളികളെ അസ്വസ്ഥരാക്കുന്നതിന്റെ പ്രതിഫലനം തന്നെയാണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെയുള്ള കടന്നാക്രമണത്തിന് പിന്നിൽ.

90% നിർമ്മാണം പൂർത്തിയാക്കിയ റിവർവ്യൂ പാലത്തിൻറെ പണി മുടങ്ങിക്കിടക്കുന്നതും, ബൈപ്പാസ് റോഡ് രണ്ടാം റീച്ചിൽ മരിയൻ സെന്ററിന് സമീപം സ്വകാര്യ വ്യക്തിയുടെ വസ്തു ഏറ്റെടുക്കാത്തത് മൂലം അവിടെ പണിപൂർത്തിയാക്കാത്തതും എംഎൽഎയുടെ കുറ്റമായി ചിത്രീകരിക്കപ്പെടുമ്പോൾ യാഥാർത്ഥ്യങ്ങൾ ജനങ്ങൾ ബോധ്യപ്പെടേണ്ടതുണ്ട്. റിവർ വ്യൂ പാലത്തിന്റെ അലൈൻമെന്റിൽ വ്യത്യാസം വന്നതു മൂലമുള്ള പോരായ്മയുടെ ഫലമായി പുതുതായി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഈ പോരായ്മ ഉണ്ടായത് തന്നെ മുഖ്യമന്ത്രിയുടെ മരുമകൻ ഭരിക്കുന്ന വകുപ്പിലാണ്. പുതുതായി ഏറ്റെടുക്കേണ്ട സ്ഥലത്തിന് വില നൽകുവാൻ സർക്കാർ തയ്യാറാവാത്തതിനാലാണ് നിർമ്മാണം നിലച്ചത്.

ബൈപ്പാസ് റോഡിൻറെ കാര്യത്തിലും സമാനമായ പ്രതിസന്ധിയാണ് ഉള്ളത്. ഇവിടെ കെഎം മാണിയുടെ കാലത്ത് പണി പൂർത്തിയാക്കുവാൻ കഴിയാതെ പോയ ടൗൺ ഭാഗത്തുള്ള കുപ്പി കഴുത്ത് ഒഴിവാക്കി റോഡ് നിർമ്മാണം പൂർത്തിയാക്കിയതിന്റെ ക്രെഡിറ്റ് കാപ്പന് കൊടുക്കാത്തവർ തന്നെയാണ് ഇപ്പോൾ മറുഭാഗത്ത് പണിപൂർത്തിയാകാത്തതിനുള്ള ആക്ഷേപം കാപ്പന് നേരെ ഉയർത്തുന്നത്. കൂടുതൽ പണം വാഗ്ദാനം ചെയ്ത് സ്ഥലം ഏറ്റെടുത്താൽ പ്രശ്നം തീരുമെന്നിരിക്കെ അതിന് തയ്യാറാവാത്ത സർക്കാരിന്റെ അനാസ്ഥ കൊണ്ടാണ് ബൈപ്പാസ് റോഡിൻറെ മറുവശത്തുള്ള നിർമ്മാണം ഇപ്പോൾ പൂർത്തിയാക്കുവാൻ കഴിയാത്തത്.

കെഎം മാണി മന്ത്രിയായിരുന്ന കാലത്താണ് അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാതെ ആറ്റിൽ കളരിയാമാക്കൽ പാലം പണിതുയർത്തിയത്. എംഎൽഎ ജനകീയ ഇടപെടൽ നടത്തി അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ എത്തിയപ്പോൾ ചിലരെ കൂട്ടുപിടിച്ച് കോടതിയിൽ കേസിനു പോയി ആ നീക്കം അട്ടിമറിച്ചവർ തന്നെ അതിൻറെ പേരിൽ എംഎൽഎ കുറ്റം പറയുന്നു എന്ന വിരോധാഭാസവും ഇവിടെയുണ്ട്. എംഎൽഎ മാണി സി കാപ്പന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒന്നേകാൽ കൂടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ മീനച്ചിൽ പഞ്ചായത്തിന്റെ കിഴപറയാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടക സ്ഥാനത്തുനിന്ന് മന്ത്രിയെ കൊണ്ടുവന്ന അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിക്കുന്ന ബാലിശമായ രാഷ്ട്രീയ നീക്കങ്ങൾ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്.

എംഎൽഎ യാഥാർത്ഥ്യമാക്കിയ മറ്റു ചില വികസന പദ്ധതികളുടെ വിശദാംശങ്ങൾ ചുവടെ

  • 60 വർഷമായി റോഡില്ലാതെ കഷ്ടപ്പെട്ട പാറപ്പള്ളി കോളനി നിവാസികൾക്ക് തന്റെ സഹപാഠി യെ കണ്ട് സൗജന്യമായി സ്ഥലം നേടിയെടുത്ത് മാണി സി. കാപ്പനാണ്. തുടർന്ന് ആ സ്ഥലത്തു കൂടി വഴി വെട്ടി 35 ലക്ഷം രൂപ ചെലവഴിച്ച് റോഡ് ടാർ ചെയ്തതും
  • പൊന്നൊഴുകും തോടിന് കുറുകെ ചക്കുങ്കൽ പാലം ഒന്നേകാൽ കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണം പുരോഗമിക്കുന്നു.
  • ജില്ലയിൽ അനുവദിച്ച ഒരു കോടി 30 ലക്ഷം രൂപ മുതൽ മുടക്കുള്ള ഏക എയർ കണ്ടീഷൻഡ് ജിംനേഷ്യ മീനച്ചിൽ പഞ്ചായത്തിലെ പൈകയിലാണ് പണി പൂർത്തീകരിച്ചത്.
  • കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ റോഡുകൾക്കും കുടിവെള്ള പദ്ധതികൾക്കുമായി 4 കോടി ചെലവഴിച്ചത്
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക