ചാനല്‍ റേറ്റിങ്ങില്‍ തുർച്ചയായ രണ്ടാം വാരത്തിലും ഒന്നാം സ്ഥാനം ഉറപ്പിച്ച റിപ്പോർട്ടർ ടിവിക്ക് അപ്രതീക്ഷിത തിരിച്ചടി. ചാനലിന്റെ പ്രധാന വാര്‍ത്താമുഖങ്ങളില്‍ ഒരാളും ഡിജിറ്റല്‍ വിഭാഗം മേധാവിയുമായ ഉണ്ണി ബാലകൃഷ്ണന്റെ രാജിയാണ് ഒന്നാം സ്ഥാനത്തിന്റെ തിളക്കത്തിനിടയിലു റിപ്പോർട്ടർ ടിവിക്ക് തിരിച്ചടി ആയിരിക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ മുന്നേറ്റത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിലേക്കാണ് ഉണ്ണി ബാലകൃഷ്ണന്റെ കൂടുമാറ്റം. എഡിറ്റോറിയല്‍ അഡ്വൈസറായിട്ടാണ് ഉണ്ണി ബാലകൃഷ്ണൻ തന്‍റെ മാതൃസ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസിലേക്ക് മടങ്ങുന്നത്. റിപ്പോർട്ടർ ടിവി ക്കെതിരെയുള്ള ഏഷ്യാനെറ്റ് സർജിക്കൽ സ്ട്രൈക്ക് ആയിട്ടാണ് നീക്കം വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് രാജിവച്ച് മാതൃഭൂമി ന്യൂസിലേക്ക് പോയ ആളാണ് ഉണ്ണി ബാലകൃഷ്ണൻ. രാജിവെച്ചു പോയവരെ തിരിച്ചെടുക്കുന്ന പതിവ് ഏഷ്യാനെറ്റ് ന്യൂസില്‍ അപൂർവ്വമാണെങ്കിലും റിപ്പോർട്ടറിന്റെ മുന്നേറ്റത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഉണ്ണി ബാലകൃഷ്ണനെ എഡിറ്റോറിയല്‍ അഡ്വൈസറായി മടക്കി വിളിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് ബിസിനസ് ഹെഡ് ആയ ഫ്രാങ്ക് പി തോമസും ഉടമ രാജീവ് ചന്ദ്രശേഖറും മാത്രം അറിഞ്ഞു നടന്ന നീക്കത്തിലാണ് ഉണ്ണി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലെ ശക്തി ത്രയങ്ങളായ സിന്ധു സൂര്യകുമാറും വിനു വി ജോണും പി ജി സുരേഷ് കുമാറും അവസാന നിമിഷം മാത്രമാണ് മാനേജ്മെന്റ് നീക്കത്തെക്കുറിച്ച് അറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ആരംഭകാലം മുതല്‍ പ്രവർത്തിച്ച ഉണ്ണി ബാലകൃഷ്ണനെ മാറ്റിനിർത്തുക സിന്ധുവിനും കൂട്ടർക്കും അത്ര എളുപ്പമായിരിക്കില്ല. ഇതുകൂടി മനസ്സിലാക്കിയാണ് ഉണ്ണി ബാലകൃഷ്ണനെ മാനേജ്മെൻറ് ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് നിയമിച്ചത്. റിപ്പോർട്ടർ ടിവിയുടെ മുന്നേറ്റത്തില്‍ നിർണായക പങ്കു വഹിച്ച ഉണ്ണി ബാലകൃഷ്ണൻ, ചൊവ്വാഴ്ചയാണ് രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിക്കാൻ റിപ്പോർട്ടർ മാനേജ്മെൻറ് ആദ്യം തയ്യാറായില്ല. എഡിറ്റോറിയല്‍ മേധാവികളുമായി പോലും വിഷയം ചർച്ച ചെയ്യാതിരുന്ന മാനേജിങ് എഡിറ്റർ ആന്റോ ആഗസ്റ്റിൻ ഇന്നലെ രാത്രിയാണ് രാജി സ്വീകരിച്ചത്.
ഉയർന്ന ശമ്ബളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും ഒടുവില്‍ മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോകണമെന്ന ഉണ്ണിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. റിപ്പോർട്ടറില്‍ മൂന്നു ലക്ഷത്തോളം രൂപ ശമ്ബളം പറ്റുന്ന ഉണ്ണി ബാലകൃഷ്ണൻ അതിലും ഉയർന്ന ശമ്ബളത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് വരുന്നതെന്നാണ് റിപോര്‍ട്ട്. ഉണ്ണി ബാലകൃഷ്ണന്റെ പടിയിറക്കം റിപ്പോർട്ടറിന് കനത്ത ആഘാതമാണ്. ചാനലിലെ ഏറ്റവും പരിചയസമ്ബന്നനായ എഡിറ്ററായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിച്ച് പരിചയമുള്ള ഉണ്ണി ബാലകൃഷ്ണൻ എഡിറ്റോറിയല്‍ നേതൃത്വത്തിലെ ഏറ്റവും വിലമതിക്കുന്ന സാന്നിധ്യമായിരുന്നു.
തുടർച്ചയായി രണ്ടാം ആഴ്ചയും ഒന്നാമത് എത്തിയതിൻ്റെ ആഘോഷത്തിനിടയില്‍ ആൻ്റോ അഗസ്റ്റിനാണ് ഉണ്ണി ബാലകൃഷ്ണൻ്റെ രാജി ജീവനക്കാരെ അറിയിച്ചത്. രണ്ട് ദിവസമായി ഉണ്ണി ബാലകൃഷ്ണൻ ഓഫീസില്‍ എത്തിയിരുന്നില്ല. എഡിറ്റോറിയല്‍ നേതൃത്വത്തിലെ ഉണ്ണി ബാലകൃഷ്ണന്റെ വിടവ് നികത്താൻ റിപ്പോർട്ടർ മാനേജ്മെൻറ് പുതിയ ആളുകളെ തേടുന്നുണ്ട്. ട്വൻ്റി ഫോർ ന്യൂസില്‍ നിന്ന് അടക്കം പരിചയസമ്ബന്നരെ എത്തിക്കുന്നതിനെ കുറിച്ചാണ് റിപ്പോർട്ടറിലെ ആലോചന.
















