പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്ത യൂട്യൂബർ അറസ്റ്റില്‍. ഹരിയാന സ്വദേശിനിയായ ട്രാവല്‍ വ്ലോഗർ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇവരെ പാകിസ്താൻ ഏജൻ്റുമാർക്ക് നിർണായക വിവരങ്ങള്‍ ചോർത്തിനല്‍കിയതിനാണ് അറസ്റ്റ് ചെയ്തത്. ഇവർ ഈ വർഷാദ്യം പാകിസ്താൻ സന്ദർശിച്ചിരുന്നു.

ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലായ ‘ട്രാവല്‍ വിത്ത് ജോ’യ്ക്ക് 3,77,000 ഫോളോവേഴ്സുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലുള്ളത് 1,32,000 ഫോളോവേഴ്സ്. ഇന്ത്യയിലെ വിവിധ ഇടങ്ങളിലും ചൈന, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുള്ള ഇവർ പാകിസ്താൻ സന്ദർശനത്തിൻ്റെ വിഡിയോയും ചിത്രങ്ങളും പങ്കുവച്ചിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുൻപാണ് ഈ വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. പാകിസ്താനെ പുകഴ്ത്തുന്ന വിഡിയോകളാണ് ഇവരുടെ അക്കൗണ്ടില്‍ ഉള്ളതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാക് ഏജൻ്റുമാരാണ് ഇവരെക്കൊണ്ട് ഇത്തരം വിഡിയോകള്‍ ചിത്രീകരിച്ച്‌ പോസ്റ്റ് ചെയ്യിച്ചതെന്നും സൂചനയുണ്ട്. പാക് സന്ദർശനത്തിനിടെ ന്യൂഡല്‍ഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ അംഗമായിരുന്ന ഇഹ്സാൻ ഉർ റഹ്മാനുമായി ജ്യോതി അടുത്ത ബന്ധമുണ്ടാക്കിയെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇയാളെ ഇക്കഴിഞ്ഞ മെയ് 13ന് ഇന്ത്യ രാജ്യത്തുനിന്ന് പുറത്താക്കിയതാണ്.

പാകിസ്താനിലെ പല ഏജൻ്റുമാരെയും ജ്യോതിയ്ക്ക് ഇഹ്സാൻ പരിചയപ്പെടുത്തിനല്‍കി. സമൂഹമാധ്യമങ്ങളില്‍ ഇവരുമായി നിരന്തരബന്ധം പുലർത്തിയിരുന്ന ജ്യോതി പേരുകള്‍ മാറ്റിയാണ് നമ്ബർ സേവ് ചെയ്തിരുന്നത്. ഇവരോട് രഹസ്യസ്വഭാവമുള്ള പല വിവരങ്ങളും ജ്യോതി പങ്കുവച്ചിരുന്നു. ഏജൻ്റുമാരില്‍ ഒരാളുമായി പ്രണയത്തിലായ ജ്യോതി ഇയാള്‍ക്കൊപ്പം ബാലി, ഇൻഡോനേഷ്യ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിച്ചിരുന്നു.

ജ്യോതിയ്ക്കൊപ്പം 32 വയസുകാരിയായ പഞ്ചാബ് സ്വദേശിനി ഗുസാല, സുഹൃത്ത് ബാനു നസ്രീന എന്നിവരും അറസ്റ്റിലായി. ഇരുവരും വിധവകളായിരുന്നു. ഗുസാലയ്ക്ക് ഇഹ്സാൻ പലതവണകളായി വിവിധ യുപിഐ ആപ്പുകള്‍ വഴി പണം അയച്ചുകൊടുത്തിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഗുസാലയുമായി ഇയാള്‍ അടുപ്പത്തിലാവുകയും ചെയ്തു. യാമീൻ മുഹമ്മദ്, ദേവിന്ദർ സിംഗ് ധില്ലണ്‍, അർമാൻ എന്നിവരും അറസ്റ്റിലായവരില്‍ പെടുന്നു. ഇവരൊക്കെ പലതരത്തില്‍ പാക് ഏജൻ്റുമാരെ സഹായിച്ചവരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക