പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്ത് സി.പി.എം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണില്‍ എത്തിയപ്പോഴാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സി.പി.എം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും സംഘര്‍ഷം തുടരുകയായിരുന്നു.

സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസായ എ. കുഞ്ഞിക്കണ്ണന്‍ സ്മാരക മന്ദിരത്തിന് മുന്‍പിലാണ് സംഘര്‍ഷമുണ്ടായത്. ബുധനാഴ്ച്ച വൈകിട്ട് ആറിന് പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയേറ് നടത്തി. സമാപന സമ്മേളനം ഉദ്ഘാടനത്തിനെത്തിയ കെ.സുധാകരന്‍ എം.പി യും ജാഥാ ലീഡര്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരിക്കുന്ന വേദിക്ക് നേരെയും കല്ലേറും വടിയേറും നടന്നുവെന്ന ആരോപണമുണ്ട്. പൊലീസ് ഇടപെട്ടാണ് വലിയ സംഘര്‍ഷം ഒഴിവാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്റെ ഗാന്ധിസ്തൂപം തകര്‍ത്തതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ മെയ് 14 ന് കാല്‍നട ജാഥയും സമ്മേളനവും നടത്തിയത്. ജാഥയ്ക്കിടെയും പിന്നീട് സമ്മേളനത്തിന് ശേഷവും വ്യാപക സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

🤍

കെ സുധാകരന്റെ ശൗര്യം അളക്കാൻ വരുന്ന പുതിയ തലമുറ കമ്മ്യൂണിസ്റ്റുകാർ പഴയ ബ്രണ്ണൻ തള്ളലുകാരനോട് ചോദിച്ചാൽ പറഞ്ഞു തരും

Posted by Rahul Mamkootathil on Wednesday, May 14, 2025

തങ്ങള്‍ നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്ക് നേരെ സി.പി.എം പ്രവര്‍ത്തകരാണ് അക്രമം കാട്ടിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാനാണ് പൊലീസ് എ.സി.പി ആവശ്യപ്പെട്ടത്. സി.പി.എമ്മുകാര്‍ അക്രമം കാട്ടുന്നതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

മലപ്പട്ടമാണ് … നിങ്ങൾ നടക്കരുതെന്ന് പറഞ്ഞ വഴിയിലൂടെ പദയാത്രയായി … തടുക്കുവാൻ ആർജ്ജവമുണ്ടെങ്കിൽ തടുത്ത് നോക്ക്

Posted by Rahul Mamkootathil on Wednesday, May 14, 2025

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ മലപ്പട്ടത്ത് ഏറെ നാളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്ബ് മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട് ആക്രമിക്കുകയും കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധി സ്തൂപം തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് കാല്‍നട പ്രചരണ ജാഥ നടത്തിയത്. സി.പി.എം മൃഗീയ ഭൂരിപക്ഷത്തില്‍ പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് മലപ്പട്ടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക