മാണി സി കാപ്പൻ എംഎൽഎയ്ക്കെതിരെ സമര പ്രഖ്യാപനവുമായി ഇടതുമുന്നണി പാലായിൽ രംഗത്ത് എത്തിയിരിക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുക്കുന്നതോടെ ഇടതു വലതുമുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കും എന്നും ഉറപ്പാണ്. എന്നാൽ പാലാ രാഷ്ട്രീയം പ്രത്യേകിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ രാഷ്ട്രീയ പ്രചാരണങ്ങൾ പലപ്പോഴും തരംതാഴ്ന്ന വ്യക്തിഹത്യ മാത്രമായി മാറുകയാണ്. ഇത് പാലായുടെ രാഷ്ട്രീയ സംസ്കാരത്തിന് പോലും കളങ്കം ഏൽപ്പിക്കും എന്ന ഓർമ്മപ്പെടുത്തലിന് വേണ്ടിയാണ് ഈ വാർത്ത ഞങ്ങൾ പങ്കുവയ്ക്കുന്നത്.
മുമ്പ് തനിക്കെതിരെയുള്ള വഞ്ചന കേസിലെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ കേരള ഹൈക്കോടതിയെ സമീപിക്കുകയും പാലാ എംഎൽഎയുടെ ആവശ്യം കേരള ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ പാലാ നിയോജകമണ്ഡലത്തിൽ ഉടനീളം മാണി സി കാപ്പൻറെ രാജി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം യുവജന വിഭാഗം ഫ്ലക്സ് ബോർഡുകൾ ഉയർത്തുകയും ചെയ്തിരുന്നു. നൂറുകണക്കിന് ഫ്ലക്സ് ബോർഡുകളാണ് ഇത്തരത്തിൽ പാലായിലുടനീളം ഉയർത്തിയത്.
എന്നാൽ മേൽ പ്രതിപാദിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കിയ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2025 ഫെബ്രുവരി മാസത്തിൽ കാപ്പനെ കുറ്റവിമുക്തനാക്ക. നീതിപീഠം നിരപരാധി എന്ന് കണ്ടെത്തി കുറ്റവിമുക്തി നൽകിയെങ്കിലും അദ്ദേഹം ഇപ്പോഴും കേരള കോൺഗ്രസ് വ്യാജ പ്രചാരണങ്ങളുടെ പേരിൽ വേട്ടയാടപ്പെടുകയാണ് എന്ന യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. ഇത് ഈ ഒരു കേസിൽ മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ല നേരെമറിച്ച് ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം അടിസ്ഥാനരഹിതങ്ങളായ വ്യാജ വാദങ്ങൾ മാണി സി കാപ്പനെതിരെ വ്യാപകമായി പ്രചരിപ്പിക്കാറുണ്ട്.
എന്നാൽ തനിക്കെതിരെ ഇത്തരം കടന്നാക്രമണങ്ങൾ നടക്കുമ്പോൾ പോലും അതേ നാണയത്തിൽ തിരിച്ചടിക്കാൻ കാപ്പൻ ഒരിക്കലും തുനിഞ്ഞില്ല എന്ന വസ്തുതയും ജനങ്ങൾക്ക് മുന്നിലുണ്ട്. രാഷ്ട്രീയ എതിരാളികളുടെയും, കുടുമ്പാംഗങ്ങളുടെയും വ്യക്തിജീവിതമായി ബന്ധപ്പെട്ട് ആരോപണങ്ങളും, കേസുകളും ഉണ്ടായപ്പോൾ തന്റെ പാർട്ടിയും, യുഡിഎഫും അത് പ്രചരണ വിഷയമാക്കരുത് എന്ന് അദ്ദേഹം കർശന നിർദേശങ്ങളും നൽകിയിരുന്നു. തനിക്കെതിരെ അപര സ്ഥാനാർഥിയെ നിർത്തിയപ്പോൾ പകരം എതിർ സ്ഥാനാർത്ഥിക്കെതിരെ ഒരു അപരനെ കണ്ടെത്തുവാനും അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ ഉള്ള സമര പ്രഖ്യാപനങ്ങൾ രാഷ്ട്രീയ മര്യാദയുടെ സീമകൾ ലംഘിക്കുന്ന വ്യക്തിഹത്യയും കടന്നാക്രമണവുമായി മാറാനുള്ള സാധ്യത ശക്തമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും പാലാ തിരികെ പിടിക്കാനുള്ള കേരള കോൺഗ്രസ് നീക്കങ്ങൾ പാലാ രാഷ്ട്രീയത്തെ മലീമസമാക്കും എന്നതാണ് യാഥാർത്ഥ്യം. കെഎം മാണി നേതൃത്വം നൽകിയിരുന്ന കാലത്ത് രാഷ്ട്രീയം രാഷ്ട്രീയമായി കണ്ട്, രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിട്ട്, ജനവിധിയിൽ വിശ്വസിച്ചു മുന്നോട്ടുപോയിരുന്ന കേരള കോൺഗ്രസ് സംസ്കാരത്തിന് മാറ്റം വരുത്തുന്നത് രാഷ്ട്രീയ ബോധമില്ലാത്ത, രാഷ്ട്രീയ മര്യാദ ഇല്ലാത്ത ചില മൂന്നാം കിട നേതാക്കളാണ്.
ഈ ഉപഗ്രഹങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾ രാഷ്ട്രീയ എതിരാളികളെ മാത്രമല്ല കെഎം മാണിയുടെ നിരവധി വിശ്വസ്തരെയും കേരള കോൺഗ്രസ് പാർട്ടിയിൽ നിന്ന് അകറ്റിയിട്ടുണ്ട്. മുൻകാല തെറ്റുകൾ തിരുത്തി രാഷ്ട്രീയം പറഞ്ഞ് മുന്നോട്ടു പോകുവാനുള്ള മാന്യത കേരള കോൺഗ്രസ് കാണിച്ചില്ല എങ്കിൽ വരാനിരിക്കുന്നത് ഏറ്റവും നികൃഷ്ടവും നിന്ദ്യവുമായ വ്യക്തിഹത്യയുടെയും, അപവാദ പ്രചാരണങ്ങളുടെയും കാലമാണ് എന്നതിൽ ഒരു തർക്കവും വേണ്ട.

















