പാലാ എംഎൽഎയും, യുഡിഎഫ് നേതാവുമായ മാണി സി കാപ്പനെ ലക്ഷ്യമിട്ട് ദിവസങ്ങളായി സൈബർ ആക്രമണം കടുക്കുകയാണ്. ആസൂത്രിതമായ സൈബർ അറ്റാക്കിന്റെ പിന്നിൽ മാണി ഗ്രൂപ്പ് സൈബർ പോരാളികൾ ആണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇത്തരം ആസൂത്രിത ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത് ജോസ് കെ മാണിയുടെ മകനായ കെ എം മാണി ജൂനിയർ നേരിട്ടാണ് എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ ഇന്നലെ പാലായിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റനായ ജോസ് കെ മാണി, മാണി സി കാപ്പനെ കടന്നാക്രമിച്ചാണ് പ്രസംഗിച്ചത്. വ്യക്തിപരമായി പാലാ എംഎൽഎയെ മോശക്കാരനാക്കി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞവട്ടം അദ്ദേഹത്തോട് ദയനീയമായി പരാജയപ്പെട്ട ജോസ് കെ മാണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ജോസിന്റെ നീക്കത്തിനെതിരെ ഒരു നിമിഷം പോലും വൈകാതെ മാധ്യമങ്ങളെ വിളിച്ചു കൂട്ടി കാപ്പനും തിരിച്ചടിച്ചു. യുഡിഎഫിലേക്ക് എത്തുവാൻ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല എന്ന് ജോസ് കെ മാണിക്ക് കുരിശുപള്ളി മാതാവിന് മുന്നിൽ നിന്ന് പറയാൻ കഴിയുമോ എന്നാണ് കാപ്പൻ ചോദിച്ചത്.
മാണി സി കാപ്പൻറെ പ്രതികരണം റിപ്പോർട്ടർ ടിവി റീൽ വീഡിയോയായി തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയുടെ താഴെയെത്തി കമന്റ് ചെയ്യാനാണ് കെഎം മാണി ജൂനിയർ അണികൾക്ക് ആഹ്വാനം നൽകിയത്. മാണി ഗ്രൂപ്പിന്റെ യുവജന വിഭാഗം – യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഗ്രൂപ്പിലായിരുന്നു വീഡിയോ പങ്കിട്ടുകൊണ്ട് ഉടനടി ഇതിനെതിരെ എല്ലാവരും കമന്റ് ചെയ്യണമെന്ന ആഹ്വാനം കുഞ്ഞുമാണി പങ്കുവെച്ചത്. Urgent എന്നും അതിനു ചുവട്ടിൽ അദ്ദേഹം കുറിച്ചു. ഈ സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

ഇരവാദം ഉന്നയിക്കുന്ന വേട്ടക്കാർ
തങ്ങളുടെ കുടുംബത്തിന് നേരെ അടിസ്ഥാനം ഇല്ലാത്ത സൈബർ ആക്രമണവും, അപവാദ പ്രചരണവും നടക്കുന്നു എന്നും തങ്ങൾ ഇരകളാണെന്നും നിരവധി വീഡിയോകളിൽ ജോസ് കെ മാണിയും, ഭാര്യ നിഷയും ആവർത്തിക്കാറുണ്ട്. എന്നാൽ പാലാ രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് ഇത് ഇങ്ങനെയല്ല എന്നറിയാം. സൈബർ കൂലി പട്ടാളത്തെ വിന്യസിച്ച് നേരിയ രാഷ്ട്രീയ എതിർപ്പ് പ്രകടിപ്പിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ഏറ്റവും അവഹേളന പരമായി ചിത്രീകരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്കാരമാണ് ജോസ് കെ മാണിയുടെ കീഴിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പുലർത്തി പോരുന്നത്. ജോസിന്റെ മകൻ തന്നെ ഈ സൈബർ സംഘത്തെ നിയന്ത്രിക്കുന്നു എന്ന് വിലയിരുത്താവുന്ന തെളിവുകൾ കൂടി പുറത്തു വരുമ്പോൾ ഇരവാദം ഉന്നയിക്കുന്നവരാണ് യഥാർത്ഥ വേട്ടക്കാർ എന്നുള്ള തിരിച്ചറിവ് കൂടിയായി മാറുകയാണ് ഇത്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കേസിൽ പ്രതിയാണ് ജോസ് കെ മാണിയുടെ മകൻ. അന്ന് ഡ്രൈവറെ മാറ്റി കേസ് അട്ടിമറിക്കുവാൻ നടന്ന ശ്രമങ്ങൾ മാധ്യമ വാർത്തകളിലൂടെയാണ് പൊളിഞ്ഞത്. ആ വാർത്ത പുറത്തുവിട്ട മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയെക്കെതിരെയും സമാനമായ സൈബർ ആക്രമണം നടന്നിരുന്നു. കേസ് ഇപ്പോൾ വിചാരണ ഘട്ടത്തിലാണ്.


















