എഐസിസി സെക്രട്ടറിയായി മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എൻ പ്രതാപനെ തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടേയും ലക്ഷദ്വീപിന്‍റെയും ചുമതലയാണ് ഉള്ളത്. 2001 മുതല്‍ 2011വരെ പഴയ നാട്ടികയില്‍ നിന്നും 2011 മുതല്‍ 2016 വരെ കൊടുങ്ങല്ലൂരില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്.
2019ല്‍ തൃശൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കെ എസ് യു വിലൂടെ പൊതുരംഗത്ത് വന്ന ടി എൻ പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. കെപിസിസി മെമ്ബർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ച ടിഎൻ പ്രതാപൻ ഇപ്പോള്‍ എഐസിസി അംഗം കൂടിയാണ്.
മത്സ്യതൊഴിലാളി കോണ്‍ഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പാർലമെന്റ് അംഗം, എംഎല്‍എ, എംപി സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ടി.എൻ പ്രതാപൻ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.തൃശൂർ ജില്ലയിലെ നാട്ടിക തളിക്കുളം സ്വദേശിയാണ്. ആറ് പുസ്തകങ്ങളുടെ രചയിതാവാണ്.
ആന്റോ ആന്റണിക്ക് പരിഗണനയില്ല
കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറി പദവിയിലേക്ക് എത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു ആന്റോ ആൻറണിക്ക് ഇത്തവണയും പരിഗണനയില്ല. കെപിസിസി അധ്യക്ഷ പദവിയിലേക്ക് അവസാനം വരെ പരിഗണിക്കപ്പെട്ടുവെങ്കിലും നറുക്ക് വീണത് സണ്ണി ജോസഫിനായിരുന്നു. അതിനാൽ തന്നെ ആന്റോയ്ക്ക് എഐസിസി സെക്രട്ടറി പദവി ലഭിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. അധ്യക്ഷ പദവി നിഷേധിക്കപ്പെട്ടപ്പോൾ തന്നെ ദേശീയ നേതൃത്വം ഇതുമായി ബന്ധപ്പെട്ട് ഉറപ്പുനൽകി എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണയും അദ്ദേഹം ഒഴിവാക്കപ്പെട്ടു.

















