ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നലെ മുതല്‍ ആരംഭിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും ഇലക്ഷന്‍ സ്റ്റണ്ട്. നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രി കെഎന്‍ ബാലഗോപാലാണ് ജൂണ്‍ 20ന് പെന്‍ഷന്‍ വിതരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെന്‍ഷനെന്ന എഐസിസി സംഘടന സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രസ്താവനക്കെതിരെ ഇടത് മുന്നണി നേതാക്കള്‍ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. ഈ വിഷയം നിലമ്ബൂരില്‍ സജീവ ചര്‍ച്ചയാക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്ബാണ് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 20ന് വിതരണം ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായത്. ധനമന്ത്രി ബാലഗോപാല്‍ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ, സാമ്ബത്തിക പരാധീനത കാരണമാവാം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങളൊന്നും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലമ്ബൂരില്‍ കെസി വേണുഗോപാലിന്റെ പ്രസ്താവന വലിയ വിവാദമാക്കിയ ധനമന്ത്രിക്ക് പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ലെന്നത് വലിയ തിരിച്ചടിയായാണ്.ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് കെസി വേണുഗോപാല്‍ നടത്തിയതെന്നായിരുന്നു മന്ത്രി ബാലഗോപാല്‍ പറഞ്ഞത്. കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം ആളുകള്‍ വെറും മണ്ടന്മാരല്ല. ജനങ്ങളെ വില കുറച്ചു കാണരുതെന്നും പറഞ്ഞ മന്ത്രിക്ക് തന്റെ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല എന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു തുടങ്ങി.

പെന്‍ഷന്‍ വിതരണം തുടങ്ങേണ്ട ദിവസമായിട്ടും ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പോലും പുറത്തിറങ്ങിയില്ല എന്നത് ഒട്ടേറെ സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഇന്നിനി ഉത്തരവിറങ്ങിയാലും തിങ്കളാഴ്ച മുതലേ പെന്‍ഷന്‍ വിതരണം സാധ്യമാവുകയുള്ളൂ. പെന്‍ഷനാവശ്യമായ പണം കണ്ടെത്താന്‍ ധനവകുപ്പിന് കഴിയാത്തതാണ് വിതരണം അനിശ്ചിതത്വത്തിലാകാന്‍ കാരണമെന്നാണ് വിവരം.

ഒരു മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 950 കോടി രൂപയാണ് വേണ്ടി വരുന്നത്. ധനമന്ത്രി പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വാഗ്ദാനം മാത്രമായിരുന്നു എന്ന വിമര്‍ശനം ഇപ്പോള്‍ ശക്തമാവുകയാണ്. വോട്ടെടുപ്പ് കഴിഞ്ഞതോടെ പെന്‍ഷന്‍ വിതരണത്തില്‍ തീരുമാനമാകാത്തത് ഗുണഭോക്താക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക