മാതാപിതാക്കൾ തമ്മിലുള്ള വിവാഹമോചനം ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെ ആണെന്ന് പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിവാഹമോചന വേളയിൽ മാതാപിതാക്കളുടെ വിവാഹമോചന വേളയിൽ കുട്ടികൾ അനുഭവിക്കുന്ന ആത്മസംഘർഷം വലുതാണെന്നാണ് പല മാനസിക വിദഗ്ധരും വിലയിരുത്തുന്നത്. ഇതൊക്കെ കൊണ്ട് തന്നെയാണ് കോടതികളും അമ്മയ്ക്കൊപ്പം നിൽക്കുന്ന കൊച്ചുകുട്ടികൾ ആണെങ്കിൽ പോലും മാസത്തിൽ ഒരുവട്ടം എങ്കിലും അവർക്ക് പിതാവിനോടൊപ്പം അല്പം സമയം ചിലവഴിക്കാൻ അനുവാദം നൽകുന്നത്.
എന്നാൽ പാലാ രാമപുരത്ത് ഇന്നലെ ഉണ്ടായത് ഹൈക്കോടതി വിധിക്ക് പോലും പുല്ലുവില കൽപ്പിക്കുന്ന പെൺ വീട്ടുകാരുടെ സമീപനമാണ്. കൂത്താട്ടുകുളം സ്വദേശിയെ പ്രണയിച്ച് വിവാഹം കഴിച്ച രാമപുരം സ്വദേശിനി കുഞ്ഞുണ്ടായ ശേഷമാണ് ഭർത്താവുമായി വേർപിരിഞ്ഞത്. പാലായിലെ കുടുംബ കോടതിയിൽ വിവാഹമോചന കേസും നടക്കുന്നുണ്ട്.
പാലാ കുടുംബ കോടതിയുടെ വിധി അനുസരിച്ച് എല്ലാ മാസവും ആദ്യ ശനിയാഴ്ച കോടതിയിൽ വെച്ച് രണ്ടു മണിക്കൂർ നേരം കുഞ്ഞിനെ കാണാനുള്ള അനുവാദം പിതാവിന് ഉണ്ടായിരുന്നു എങ്കിലും പലപ്പോഴും കുട്ടിയുടെ അമ്മ വീട്ടുകാർ ഇത് വകവെച്ച് നൽകിയിരുന്നില്ല. പിതാവിന് കുട്ടിയെ കാണുവാനുള്ള അധികാരം പൂർണമായും എടുത്തു കളയണം എന്ന് ആവശ്യപ്പെട്ട് യുവതി പിന്നീട് കേരള ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി കുട്ടിയെ ഹാജരാക്കാൻ ആവശ്യപ്പെടുകയും കുട്ടിയും പിതാവും തമ്മിലുള്ള ഇടപെടലുകൾ നേരിട്ട് നിരീക്ഷിക്കുകയും ചെയ്തു. തുടർന്ന് ഉണ്ടായ വിധി യുവതിക്കും, വീട്ടുകാർക്കും വെളുക്കാൻ തേച്ചത് പാണ്ടായി എന്നതുപോലെ ആയിരുന്നു. കുടുംബ കോടതിയിൽ വച്ച് രണ്ടു മണിക്കൂർ മാത്രം കുട്ടിയെ കാണാൻ അനുവാദം ഉണ്ടായിരുന്ന പിതാവിന് എല്ലാ മാസവും ആദ്യ ശനിയാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ കുട്ടിയെ കൂടെ കൊണ്ടുപോകുവാനുള്ള അനുവാദമാണ് ഹൈക്കോടതി അനുവദിച്ച് നൽകിയത്.
ഹൈക്കോടതി ഉത്തരവിന് പുല്ലുവില: കോടതി നിർദ്ദേശിച്ചത് അനുസരിച്ച് യുവാവ് ഇന്നലെ മെയ് മൂന്നാം തീയതി രാവിലെ കൃത്യം 11 മണിക്ക് തന്നെ ഭാര്യവീട്ടിന് മുന്നിൽ എത്തി. നേരത്തെ തന്നെ ഭാര്യയുടെ പിതാവും, സഹോദരനും, സഹോദരി ഭർത്താവുമായി സംഘർഷം ഉണ്ടായതിന്റെ കേസുള്ളതിനാൽ പോലീസ് സ്റ്റേഷനിൽ രേഖാമൂലം അറിയിച്ച് കോടതിവിധിയുടെ പകർപ്പ് സഹിതം കൈമാറിയിട്ടാണ് ഇയാൾ ഭാര്യ വീട്ടിലേക്ക് പോയിരുന്നത്. ഒരുമണിവരെ ഗേറ്റിനു മുന്നിൽ ചെലവഴിച്ചെങ്കിലും ഭാര്യയോ ഭാര്യ പിതാവോ ഫോൺ പോലും എടുക്കാൻ കൂട്ടാക്കിയില്ല. പോലീസ് സ്റ്റേഷനിൽ നിന്ന് യുവാവിന്റെ ഭാര്യാ സഹോദരനെ വിളിച്ചപ്പോൾ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്നും യുവാവ് ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ രാമപുരം പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
കോടതി അലക്ഷ്യത്തിന് കേസ് നൽകും: ഹൈക്കോടതി വിധിയുടെ ആനുകൂല്യമുണ്ടായിട്ടും സ്വന്തം കുഞ്ഞിനെ കാണാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട യുവാവ് കോടതി അലക്ഷ്യത്തിന് കേസ് നൽകാനുള്ള തയ്യാറെടുപ്പിലാണ്. ഭാര്യയുടെതിനേക്കാൾ അവരുടെ അച്ഛന്റെയും, സഹോദരന്റെയും, സഹോദരി ഭർത്താവിന്റെയും പിടിവാശിയാണ് തന്റെ കുഞ്ഞിനെ കാണാനുള്ള അവകാശം നിഷേധിക്കപ്പെടാനുള്ള കാരണം എന്നാണ് യുവാവ് ആരോപിക്കുന്നത്. രാഷ്ട്രീയക്കാരനായ അമ്മായിയച്ഛന്റെ ധാർഷ്ട്യത്തെ നിയമപരമായി നേരിടുവാൻ തന്നെയാണ് യുവാവിന്റെ തീരുമാനം.
രാമപുരത്തും കൂത്താട്ടുകുളത്തും വാർത്തയായ വിഖ്യാത ഒളിച്ചോട്ടവും, വിവാഹവും, വിവാഹമോചന കേസും: കൂത്താട്ടുകുളം സ്വദേശിയായ ഹിന്ദു യുവാവും രാമപുരം സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഒളിച്ചോടിയായിരുന്നു വിവാഹം. യുവതിയുടെ വീട്ടുകാർ മാൻ മിസ്സിംഗ് കേസ് കൊടുക്കുകയും തുടർന്ന് യുവതി യുവാവിനൊപ്പം പോലീസ് സ്റ്റേഷനിൽ ഹാജരായ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ യുവാവിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നത് എന്ന് വെളിപ്പെടുത്തുകയും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ആയിരുന്നു. യുവാവ് എഡ്യുക്കേഷൻ കൺസൾട്ടന്റ് ആണ്. കുട്ടി ജനിച്ചതിനു ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും കാര്യങ്ങൾ വിവാഹമോചന കേസിലേക്ക് എത്തുകയുമായിരുന്നു

















