മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സ്തുതിഗീതം ഒരുക്കിയതിന് പിന്നാലെയാണ് ഡോക്യുമെന്ററി വരുന്നത്. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന പേരില്‍ ഡോക്യുമെൻററി നിർമ്മിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇത് നിർമ്മിക്കുന്നത്. പതിനഞ്ച് ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കും. കാരണഭൂതനും കാവലാളുമായി പിണറായിയെ പാടിപ്പുകഴ്ത്തിയതിന് പിന്നാലെയാണ് നേതാവിനെ ഇതിഹാസമായി വാഴ്ത്തി ഡോക്യുമെന്ററി എത്തുന്നത്. നേമം സ്വദേശിയാണ് സംവിധായകൻ.
നേതാവിന്റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉള്‍ക്കൊള്ളുന്നതാണ് പ്രമേയം. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്‌ളോയീസ് അസോസസിയേഷൻ ഡോക്യുമെന്ററി ഒരുക്കുന്നത്.നേരത്തെ അസോസിയേഷൻ സുവർണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്ബോള്‍ കേള്‍പ്പിക്കാൻ തയ്യാറാക്കിയ വാഴ്ത്ത് പാട്ട് വിവാദമായിരുന്നു.

















