പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആർപിഎഫ് ജവാനെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആർപിഎഫ് 14-ാം ബറ്റാലിയൻ ജവാനായ മുനീർ അഹ്മദിനെതിരേയാണ് നടപടി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട് സിആർപിഎഫ് ശനിയാഴ്ച നടപടി സ്വീകരിക്കുകയായിരുന്നു.
പാക് യുവതിയെ വിവാഹം ചെയ്തകാര്യം മറച്ചുവെച്ചതും വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ താമസിപ്പിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടെന്ന് സിആർപിഎഫ് പ്രസ്താവനയില്‍ അറിയിച്ചു. പാകിസ്താനിലെ സിയാല്‍ക്കോട്ട് സ്വദേശിയായ മിനാല്‍ ഖാനും മുനീർ അഹ്മദും കഴിഞ്ഞവർഷം മേയിലാണ് വിവാഹിതരായത്. ഇരുവരും ഓണ്‍ലൈൻ വഴിയാണ് പരിചയപ്പെട്ടത്. മിനാലിനെ വിവാഹം കഴിക്കാൻ മുനീർ 2023-ല്‍ സിആർപിഎഫില്‍നിന്ന് അനുമതി തേടിയിരുന്നു. എന്നാല്‍ വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുൻപുതന്നെ ഇരുവരും വിവാഹിതരായി.
വീഡിയോ കോണ്‍ഫറൻസ് വഴിയായിരുന്നു വിവാഹം. തുടർന്ന് മിനാല്‍ കഴിഞ്ഞ ജനുവരിയില്‍ ഹ്രസ്വകാല വിസയില്‍ ഇന്ത്യയിലെത്തി. ഇക്കഴിഞ്ഞ മാർച്ച് 22-ന് വിസാ കാലാവധി അവസാനിച്ചതോടെ നീട്ടിനല്‍കാൻ അപേക്ഷ നല്‍കി. ദീർഘകാല വിസയ്ക്കായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. പക്ഷേ, ഇത് അംഗീകരിക്കപ്പെട്ടില്ല. യുവതിയെ പാകിസ്താനിലേക്ക് മടക്കിയയയ്ക്കാൻ മുനീർ തയ്യാറായതുമില്ല. ഇതെല്ലാം മുനീറിന് കുരുക്കായി.
ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണമുണ്ടാവുകയും പാക് സ്വദേശികളെല്ലാം രാജ്യം വിട്ടുപോകണമെന്ന് ഇന്ത്യ അന്ത്യശാസനം നല്‍കുകയും ചെയ്തു. തുടർന്ന് മിനാല്‍ ഖാനെ അട്ടാരി അതിർത്തിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതിനിടെ മുനീർ അഹ്മദിന്റെ കുടുംബം ജമ്മുവിലെ കോടതിയെ സമീപിക്കുകയും ഇന്ത്യ വിട്ടുപോകുന്നതില്‍ സ്റ്റേ ഉത്തരവ് ലഭിക്കുകയും ചെയ്തു. അതിനാല്‍ മിനാല്‍ അട്ടാരിയില്‍നിന്ന് ജമ്മുവിലേക്ക് തന്നെ മടങ്ങി.

















