വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബിജെപി-ഇടതുപക്ഷ പ്രവർത്തകർ. സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ഇടതുപക്ഷ പ്രവർത്തകരും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് ബിജെപി പ്രവർത്തകരും മുദ്രാവാക്യം മുഴക്കിയതോടെ സദസ്സ് ശബ്ദകോലാഹലത്താല്‍ നിറഞ്ഞു. പോലിസ് ഉദ്യോഗസ്ഥർ ഇരുവിഭാഗത്തോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. സംഘർഷസാധ്യതയില്ലെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും വേദിയിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് ഇരുവിഭാഗം പ്രവർത്തകരും ചേരിത്തിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത്. 10:30 ഓടെ വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി തുറമുഖം സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം. കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരി. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ജാഗ്രതയിലാണ് സുരക്ഷ ഉദ്യോഗസ്ഥർ.
വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുന്ന ബിജെപി, സിപിഎം പ്രവർത്തകർ pic.twitter.com/WxX6zIO6jj
— Thomas R V Jose (@thomasrvjose) May 2, 2025
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുക്കൊണ്ടുള്ള പ്ലക്കാർഡുകളുമായാണ് ബിജെപി പ്രവർത്തകർ ചടങ്ങിനെത്തിയിരിക്കുന്നത്. പ്ലക്കാർഡുകള്‍ ഉയർത്തി ബിജെപി പ്രവർത്തകർ മോദി അനുകൂല മുദ്രാവാക്യമുയർത്തിയതോടെ ഇടതുപക്ഷപ്രവർത്തകർ സംസ്ഥാനസർക്കാരിനെ അനുകൂലിച്ച് മുദ്രാവാക്യം ഉയർത്തി. ഇതാണ് ശബ്ദകോലാഹലത്തിന് കാരണമായതെന്നാണ് വിവരം. തുറമുഖ സമർപ്പണത്തിന്റെ ഔദ്യോഗിക വേദിയിൽ ചേരിതിരിഞ്ഞ് രാഷ്ട്രീയപോലും നടത്തിയ ബിജെപി സിപിഎം പ്രവർത്തകർ കേരളത്തെ നാണം കെടുത്തി എന്നതാണ് യാഥാർത്ഥ്യം.

















