അത്താഴ വിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർമാരെ ക്ഷണിച്ചിട്ടില്ലെന്ന് പാർട്ടിയുടെ വിശദീകരണം.മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം കേരള, ഗോവ, ബംഗാള്‍ ഗവർണർമാർ നിരസിച്ചുവെന്ന് വാർത്തകള്‍ വന്നതിനു പിന്നാലെയാണ് വിശദീകരണം.
ഞായറാഴ്ചത്തെ മുഖ്യമന്ത്രിയുടെ പരിപാടികള്‍ നേരത്തെ നിശ്ചയിച്ചിരുന്നുവെന്നും ഷെഡ്യൂള്‍ അനുസരിച്ച് മുഴുവൻ സമയവും സംസ്ഥാന കമ്മിറ്റി യോഗമാണെന്നും സിപിഐഎം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ശനിയാഴ്ച അവസാനിച്ചതിനാല്‍ ഇന്നലെ എറണാകുളത്തായിരുന്നു. വൈകുന്നേരം മുഖ്യമന്ത്രി ഇടുക്കിയിലേക്ക് പോയി. സർക്കാരിന്‍റെ നാലാം വാർഷിക ആഘോഷ പരിപാടികള്‍ ഇന്ന് നെടുങ്കണ്ടത്താണ് നടക്കുന്നതെന്നും സിപിഐഎം അറിയിച്ചു.
അത്താഴ വിരുന്നില്‍ പങ്കെടുത്താല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടവന്നേക്കാം എന്നതിനാലാണ് ഗവർണർമാർ വിരുന്നില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു വാർത്തകള്‍ വന്നിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഗോവ ഗവർണറെ അത്താഴ വിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവനയ്ക്കെതിരെ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. അത്താഴ വിരുന്നിന് ക്ഷണമില്ലെന്നും ആരോപണം വാസ്തവ വിരുദ്ധമാണെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം.

















