ഹിന്ദു മഹാസഭ നേതാവ് സവർക്കർക്കെതിരെ മിണ്ടരുതെന്ന് രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പില്‍ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് ഇപ്പോഴും തോക്കുചൂണ്ടുന്ന ഗോഡ്സേ ഭക്തരെയൊന്നും സുപ്രീം കോടതിക്ക് കാണാൻ കഴിയുന്നില്ലെന്നും ജവാഹർലാല്‍ നെഹ്രുവിനെതിരെ കേന്ദ്രമന്ത്രിമാരടക്കമുള്ള സംഘികള്‍ നിരന്തരം നടത്തുന്ന അവഹേളനങ്ങളും നുണപ്രചരണങ്ങളും സുപ്രീം കോടതിക്ക് കാണാൻ കഴിയുന്നില്ലെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ വിമർശിച്ചു. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ ഗൂഢാലോചനക്കേസില്‍ പ്രതിയായിരുന്നു വി.ഡി.സവർക്കറെന്നും ആൻഡമാൻ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നതിനായി ബ്രിട്ടീഷ് അധികാരികള്‍ക്ക് നിരവധി തവണ മാപ്പപേക്ഷ നല്‍കിയ ആളാണെന്നും ബല്‍റാം കുറ്റപ്പെടുത്തി.

‘സുപ്രീം കോടതി പറയുന്ന പോലെ. വി.ഡി സവർക്കർജി പാവമാണ്, പച്ചവെള്ളം ചവച്ച്‌ കുടിച്ചിരുന്ന ആളാണ്, ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവാണ്, ഗോഡ്സേജിയുടെ ഗുരുവാണ്, ഇന്ന് രാജ്യം ഭരിക്കുന്നവരുടെ ആശയാചാര്യനാണ്, അതുകൊണ്ട് തന്നെ മഹാനാണ്, മഹാപുരുഷനാണ്.’ എന്നും ബല്‍റാം പരിഹസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വി.ടി.ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് ഇപ്പോഴും തോക്കുചൂണ്ടുന്ന ഗോഡ്സേ ഭക്തരെയൊന്നും സുപ്രീം കോടതിക്ക് കാണാൻ കഴിയുന്നില്ല.സ്വാതന്ത്ര്യ സമര സേനാനി കൂടിയായ രാഷ്ട്രശില്‍പ്പി ജവാഹർലാല്‍ നെഹ്രുവിനെതിരെ കേന്ദ്രമന്ത്രിമാരടക്കമുള്ള സംഘികള്‍ നിരന്തരം നടത്തുന്ന അവഹേളനങ്ങളും നുണപ്രചരണങ്ങളും സുപ്രീം കോടതിക്ക് കാണാൻ കഴിയുന്നില്ല.ഏതായാലും ഒരു സുപ്രീം കോടതിക്കും നിഷേധിക്കാനാവാത്ത രണ്ട് ചരിത്ര വസ്തുതകള്‍ ഒന്നുകൂടി ആവർത്തിക്കട്ടെ.

ഒന്ന്) ആൻഡമാൻ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നതിനായി ബ്രിട്ടീഷ് അധികാരികള്‍ക്ക് നിരവധി തവണ മാപ്പപേക്ഷ നല്‍കിയ ആളാണ് വി.ഡി.സവർക്കർ.

രണ്ട്) മഹാത്മാഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഗൂഢാലോചനക്കേസില്‍ പ്രതിയായിരുന്നു വി.ഡി.സവർക്കർ.ബാക്കിയൊക്കെ സുപ്രീം കോടതി പറയുന്ന പോലെ. വി ഡി സവർക്കർജി പാവമാണ്, പച്ചവെള്ളം ചവച്ച്‌ കുടിച്ചിരുന്ന ആളാണ്, ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവാണ്, ഗോഡ്സേജിയുടെ ഗുരുവാണ്, ഇന്ന് രാജ്യം ഭരിക്കുന്നവരുടെ ആശയാചാര്യനാണ്, അതുകൊണ്ട് തന്നെ മഹാനാണ്, മഹാപുരുഷനാണ്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് ഇപ്പോഴും തോക്കുചൂണ്ടുന്ന ഗോഡ്സേ ഭക്തരെയൊന്നും സുപ്രീം കോടതിക്ക് കാണാൻ…

Posted by VT Balram on Friday, April 25, 2025

വി.ഡി. സവർക്കെതിരായ പരാമർശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ലഖ്നോ കോടതിയില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ മാനനഷ്ടക്കേസുകള്‍ സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചരിത്രവും ഭൂമിശാസ്ത്രവും അറിയാതെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച്‌ നിരുത്തരവാദമായ പരാമർശങ്ങള്‍ നടത്തരുതെന്നും അവരോട് ഇതേ രീതിയില്‍ പെരുമാറരുതെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്.കേസ് പരിഗണിച്ചയുടന്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് ജസ്റ്റിസ് ദത്ത എതിര്‍പ്പ് രേഖപ്പെടുത്തി.

വൈസ്രോയിക്കുള്ള കത്തുകളില്‍ ‘നിങ്ങളുടെ വിശ്വസ്ത ദാസന്‍’ എന്ന പദം ഉപയോഗിച്ചതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിക്കാമോ എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു.നിങ്ങളുടെ മുത്തശ്ശി ഇന്ദിരാഗാന്ധി പോലും സവർക്കറെ ബഹുമാനിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കുമ്ബോള്‍ അദ്ദേഹത്തെ പ്രശംസിച്ച്‌ കത്തയച്ചിരുന്ന കാര്യമറിയാമോ എന്നും ദത്ത ചോദിച്ചു. രാഹുലിനെ പ്രതിനിധീകരിച്ച്‌ മുതിർന്ന അഭിഭാഷകൻ എം.എം. സിങ്‍വിയാണ് കോടതിയില്‍ ഹാജരായത്.ഭാരത് ജോഡോ യാത്രക്കിടെ 2022 നവംബർ 17നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ സവർക്കറെ വിമർശിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക