പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചുഡന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിൽ പങ്കെടുത്ത വിജയ് ഇന്ദുചൂഡൻ ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തപ്പോൾ മൂന്നു പ്രവർത്തകരെ കരുതൽ തടങ്കലിലും എടുത്തു. കൊടുമണ്‍ ഐക്കാട് ജിതിന്‍ ജി നൈനാന്‍ (35), കൊടുമണ്‍ കാവിളയില്‍ നെസ്മല്‍ (30), മുണ്ടുകോട്ടക്കല്‍ പതാലില്‍ വീട്ടില്‍ സുബിന്‍ (24), മുണ്ടുകോട്ടക്കല്‍ ഉഴത്തില്‍ റോബിന്‍ (34), പുത്തന്‍ പീടിക സ്റ്റെഫിന്‍ (25), അടൂര്‍ വടക്കടത്തുകാവ് കാഞ്ഞിരവിള റിനോ ഭവനില്‍ റിനോ പി രാജന്‍(32) എന്നിവരാണ് വിജയ് ഇന്ദുചൂഡനെ കൂടാതെ അറസ്റ്റിലായത്.
മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് നടന്ന മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെയാണ് സംഭവം. അഴൂരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിശ്രമിച്ചത്. രാവിലെ 11.30 ന് അവിടെ നിന്നും അദ്ദേഹം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് സമീപത്തെ കെട്ടിടത്തിന് മറവവില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ റോഡിലേക്ക് ചാടി മുദ്രാവാക്യം മുഴക്കുകയും കരിങ്കൊടി ഉയര്‍ത്തിക്കാട്ടുകയും ചെയ്തത്.ഇവരെ തടയാന്‍ പോലീസ് ശ്രമിച്ചു. ഇതിനിടെ ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ധരിച്ചിരുന്ന കറുത്ത ടീ ഷര്‍ട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ഊരിയെടുക്കുകയും ചെയ്തു.
പത്തനംതിട്ടയിൽ പിണറായിക്ക് കരിങ്കൊടി pic.twitter.com/EQ6XKABf6H
— Thomas R V Jose (@thomasrvjose) April 25, 2025
പത്തനംതിട്ട സമരം യൂത്ത് കോൺഗ്രസിന് പുത്തനുണർവ്
രാഹുൽ മാങ്കുട്ടം എംഎൽഎ ആയതിനുശേഷം യൂത്ത് കോൺഗ്രസിന്റെ സമരവീര്യത്തിൽ കുറവ് വന്നിട്ടുണ്ട് എന്ന ആശങ്ക നിലനിൽക്കെയാണ് ഇന്ന് മുഖ്യമന്ത്രിക്ക് നേരെ സംഘടനയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രയോഗം ഉണ്ടായത്. കേരളത്തിലെ 14 ജില്ലകളിലും സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എത്തുന്നുണ്ട് എന്നതുകൊണ്ടുതന്നെ മറ്റു ജില്ലകളിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുവാൻ യൂത്ത് കോൺഗ്രസുകാർ മുന്നിട്ടിറങ്ങും. ഇതോടുകൂടി സർക്കാരിന്റെ ആഡംബരവും ആഘോഷങ്ങളിലെ ധൂർത്തും മാധ്യമങ്ങൾ അടക്കം ചർച്ച ചെയ്യാനുള്ള സാഹചര്യങ്ങളും ഒരുങ്ങും. ഇത്തരത്തിൽ പാർട്ടിക്കും മുന്നണിക്കും യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈ കരിങ്കൊടി പ്രയോഗം വലിയ ഉണർവും പ്രചരണ ആയുധവും സമ്മാനിക്കുകയാണ്.
പത്തനംതിട്ടയിൽ പിണറായിക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി pic.twitter.com/fkZncBCyeN
— Thomas R V Jose (@thomasrvjose) April 25, 2025
സമരവീര്യം ഉണരേണ്ട നാളുകൾ
ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംഭവവികാസങ്ങളിൽ തീക്ഷ്ണമായ സമരങ്ങൾ സംഘടിപ്പിക്കുവാനും, വിജയിപ്പിക്കുവാനും പ്രതിപക്ഷമായ യുഡിഎഫിന് സാധിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് മുന്നണികൾ കടന്നിരിക്കുന്ന ഈ ഘട്ടത്തിൽ എങ്കിലും അതിനു സാധിച്ചില്ല എങ്കിൽ ജനങ്ങളുടെ പ്രതീക്ഷിക്കൊത്ത് ഉയരുവാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നു വരാം. അതിനാൽ ഈ അവസാന ലാപ്പിൽ എങ്കിലും ജനകീയ വിഷയങ്ങളിൽ തീക്ഷ്ണമായ സമരപരിപാടികൾ ആവിഷ്കരിച്ചു വിജയിപ്പിക്കുവാൻ പ്രതിപക്ഷ യുവജന സംഘടനകൾ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്

















