തൊമ്മൻകുത്തിൽ കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലാണെന്ന വനം വകുപ്പിൻ്റെ വാദം തെറ്റെന്ന് വിവരാവകാശ രേഖ. കുരിശ് സ്ഥാപിച്ച നാരങ്ങാനം ഉള്‍പ്പെടെയുള്ള പ്രദേശത്ത് വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നിട്ടില്ല. ജണ്ടക്ക് പുറത്തുള്ള സ്ഥലത്ത് പരിശോധന നടത്തി പട്ടയം നല്‍കാനുള്ള സർക്കാർ നീക്കത്തിനിടെയായിരുന്നു വനം വകുപ്പിൻ്റെ അപ്രതീക്ഷിത നീക്കം.

ഇതിനിടെ തർക്കഭൂമിയുള്‍പ്പെടെ 4005 ഏക്കർ സ്ഥലം വനഭൂമിയാണെന്ന വണ്ണപ്പുറം വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും വിവാദമായി.1977 ന് മുമ്ബുള്ള കൈവശഭൂമിയില്‍ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും തുടർ നടപടികള്‍ വേഗത്തിലാക്കാനുമായിരുന്നു 2016 ല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നത തല യോഗത്തിലെ ധാരണ. ഇടുക്കി, തൊടുപുഴ താലൂക്കുകളിലെ പരിശോധനയില്‍ ഏതാനും വില്ലേജുകളിലെ കൈവശഭൂമി ഒഴിവായെന്നും തുടർ നടപടികള്‍ സ്വീകരിക്കുമെന്നും തീരുമാനിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുരിശ് സ്ഥാപിച്ച നാരങ്ങാനം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടക്കാനിരിക്കെയാണ് വനം വകുപ്പിൻ്റെ ഇടപെടല്‍. കുരിശ് പൊളിച്ചതിന് പിന്നാലെ കാളിയാർ റേഞ്ച് ഓഫീസർക്ക് വണ്ണപ്പുറം വില്ലേജ് ഓഫീസർ നല്‍കിയ റിപ്പോർട്ടില്‍ നാലായിരത്തിയഞ്ച് ഏക്കർ സ്ഥലം വനഭൂമിയാണെ പരാമർശവും വിവാദമായി. 1983 ല്‍ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് അംഗീകാരം നല്‍കിയതാണെന്നും 1930 കളിലെ ബി.റ്റി.ആർ രേഖകള്‍ പ്രകാരമുള്ള വില്ലേജ് ഓഫീസറുടെ റിപ്പോർട്ടില്‍ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം.

സംരക്ഷിത വനമേഖലയിലെ കടന്ന് കയറ്റമെന്ന പേരില്‍ ഏപ്രില്‍ പന്ത്രണ്ടിനാണ് തൊമ്മൻകുത്ത് സെൻ്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ച്‌ നീക്കിയത്. കാളിയാർ റേഞ്ച് ഓഫീസർക്ക് വണ്ണപ്പുറം വില്ലേജ് ഓഫീസർ റിപ്പോർട്ട് നല്‍കിയതാകട്ടെ ഏപ്രില്‍ പതിനഞ്ചിനും. 1902 ലെ തൊടുപുഴ റിസർവിനെ മാത്രം ആധാരമാക്കി കാര്യങ്ങളില്‍ വ്യക്തത വരുത്താതെയുള്ള വനം വകുപ്പിൻ്റെ നീക്കങ്ങള്‍ വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക