സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം നാളെ. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തെങ്കിലും ചടങ്ങ് നേരത്തെ തീരുമാനിച്ചതിനാല്‍ മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടകൻ. തലസ്ഥാന നഗരത്തിന്റെ ഒത്ത നടുക്ക് തല ഉയർത്തി നില്‍ക്കുന്ന ഒമ്ബത് നില കെട്ടിടത്തിന്‍റെ കവാടം മുതല്‍ കെട്ടിലും മട്ടിലും വരെ പ്രൗഡിയുടെ കാഴ്ചകളാണ്. പണി പൂർത്തിയായ കെട്ടിടത്തിന്റെ അകക്കാഴ്ചകള്‍ ഇതുവരെ മാധ്യമങ്ങള്‍ക്ക് പകർത്താൻ അനുവാദം നല്‍കിയിട്ടില്ല.
പണി പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടും പുതിയ കെട്ടിടത്തിന്റെ അകം കാഴ്ചകള്‍ പാർട്ടി പരസ്യമാക്കിയിട്ടില്ല. പാർട്ടി ജനറല്‍ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും മറ്റ് മുതിർന്ന നേതാക്കള്‍ക്കും പുതിയ എകെജി സെന്‍ററില്‍ പ്രത്യേക സൗകര്യങ്ങളുണ്ട്. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മുറികളുണ്ട്. പാർട്ടി യോഗങ്ങള്‍ക്കും പ്രത്യേക കൂടിക്കാഴിച്ചകള്‍ക്കുമൊക്കെ വിപുലമായ സൗകര്യങ്ങള്‍ പുതിയ പാർട്ടി ആസ്ഥാനത്തുണ്ടെന്നാണ് വിവരം.
കോടിയേരി ബാലകൃഷ്ണൻ മുൻകയ്യെടുത്ത് വാങിയ 36 സെന്റില്‍ പടുത്തുയർത്തിയ കെട്ടിടത്തിലേക്കാണ് പാർട്ടി ആസ്ഥാനം മാറുന്നത്. പാർട്ടി കോണ്‍ഗ്രസിന് മുൻപെ ഉദ്ഘാടനകനാരെന്ന് പ്രഖ്യാപിച്ചത് കൊണ്ടു തന്നെ പുതിയ ജനറല്‍ സെക്രട്ടറിക്കും ഉദ്ഘാടനത്തിന്റെ കാര്യത്തില്‍ ക്ലെയിമില്ലാതെയായി. രാജ്യത്തെ ഒരേ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാർട്ടി ആസ്ഥാനം നാളെ തുറന്ന് കൊടുക്കും. തുടർന്ന് എകെജി ഹാളില്‍ പൊതു സമ്മേളനം നടക്കും. പുതിയ ആസ്ഥാനം വരുന്നതോടെ പഴയ എകെജി സെന്റർ പഠന ഗവേഷണ കേന്ദ്രമാകും.
9 വർഷത്തെ സിപിഎം ഭരണത്തിന് കീഴിൽ കേരളം ഗുരുതരം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാനത്തിന്റെ പൊതു കടം ഒന്നര ലക്ഷം കോടി രൂപയായിരുന്നുവെങ്കിൽ ഇന്നത് നാല് മടങ്ങ് വർദ്ധിച്ച് 6 ലക്ഷം കോടിയിൽ എത്തിയിരിക്കുകയാണ്. ഭൂനികുതിയും വൈദ്യുതി ചാർജും വെള്ള കരവും കെട്ടിട നികുതിയും കൃത്യമായ ഇടവേളകളിൽ വർദ്ധിപ്പിക്കുന്ന സർക്കാർ ജനങ്ങളെ ഞെക്കിപിഴിയുകയാണ് എന്നതാണ് യാഥാർത്ഥ്യം. മുണ്ടു മുറുക്കി ഉടുക്കുവാൻ ജനങ്ങളോട് പറയുമ്പോഴും സർക്കാരിൻറെ നാലാം വാർഷികാഘോഷങ്ങൾക്കായി 100 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. ക്ഷേമപെൻഷൻ നൽകാൻ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസ്സായി ഈടാക്കുന്ന സർക്കാർ മാസങ്ങളായി ഇതും കുടിശ്ശിക വരുത്തിയിരിക്കുകയാണ്. എന്നാൽ കേരളത്തിന് ദുരന്തം ആണെങ്കിലും സിപിഎമ്മിന് ഭരണം കൊണ്ട് നേട്ടമേ ഉണ്ടായിട്ടുള്ളൂ എന്ന് തെളിയിക്കുന്നതാണ് നക്ഷത്ര ഹോട്ടലിന് സമാനമായ പുതിയ പാർട്ടി ആസ്ഥാനം.

















