നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ കുത്തക തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഔദ്യോഗിക സ്വീകരണം. മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിരുന്നിന് ക്ഷണിച്ചു. ഫെബ്രുവരി 13-ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് വിരുന്ന് നടക്കുക. ഇത്തരത്തില്‍ ഒന്ന് അത്യപൂര്‍വ്വമാണ്. തിരുവന്തപുരം വികസന രേഖയും ഡല്‍ഹിയില്‍ പ്രഖ്യാപിക്കും.

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഈ ‘സുവര്‍ണ്ണ വിജയം’ ദേശീയ തലത്തില്‍ തന്നെ ആഘോഷമാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 101 അംഗ കൗണ്‍സിലിലെ 50 ബിജെപി അംഗങ്ങളെയും ഡല്‍ഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 9-ന് കേരള എക്‌സ്പ്രസില്‍ കൗണ്‍സിലര്‍മാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും. യാത്രയിലുടനീളം വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി യൂണിറ്റുകള്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണമൊരുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരത്തെ വിജയം ‘ഒരു യുഗത്തിന്റെ തുടക്കം’ എന്നാണ് നേരത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നത്. മേയര്‍ വി.വി. രാജേഷിനും ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും അദ്ദേഹം വ്യക്തിപരമായി അഭിനന്ദന കത്തുകളും അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആതിഥ്യം സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തുന്ന കൗണ്‍സിലര്‍മാര്‍ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളും സന്ദര്‍ശിക്കും. ഫെബ്രുവരി 13-ന് രാത്രി തന്നെ സംഘം കേരളത്തിലേക്ക് മടങ്ങും.

നാലു ദശാബ്ദത്തോളം ഭരണം കൈയാളിയ ഇടതുമുന്നണിയെ പിന്തള്ളിയായിരുന്നു എന്‍ഡിഎയുടെ പടയോട്ടം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടിയുടെ ഊര്‍ജ്ജമായാണ് ഈ ഡല്‍ഹി സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.തിരുവനന്തപുരത്ത് മോദി എത്തിയപ്പോള്‍ സ്വീകരിക്കാന്‍ മേയര്‍ പോയിരുന്നില്ല. അതിന് പിന്നിൽ ചില അട്ടിമറികള്‍ നടന്നു. ഈ സാഹചര്യത്തിലാണ് അത്യപൂര്‍വ്വ ആദരം രാജേഷിനും കൂട്ടര്‍ക്കും മോദി ഒരുക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക