കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കണ്‍കറന്‍റ് ഓഡിറ്റർ വിജിലൻസ് പിടിയില്‍. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്‍റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്‍റെ കണ്‍കറന്‍റ് ഓഡിറ്ററുടെ ചുമതല വഹിക്കുന്ന സുധാകരൻ കെ 50,000 രൂപ കൈക്കൂലി വാങ്ങവേ ശനിയാഴ്ച പിടിയിലായത്.
എറണാകുളം പനമ്ബള്ളി നഗർ സ്വദേശിയും, കേരളത്തിലെ വിവിധ ജില്ലകളില്‍ സ്കില്‍ ഡെവലപ്മെന്‍റ് സ്ഥാപനങ്ങള്‍ നടത്തിവരുന്നതുമായ പരാതിക്കാരൻ, മാവേലിക്കരയിലുള്ള കാനറാ ബാങ്കില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി ലോണ്‍ എടുത്തിരുന്നു. കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിലെ കണ്‍കറന്‍റ് ഓഡിറ്ററായി ചുമതല വഹിക്കുന്ന സുധാകരൻ പരാതിക്കാരനെ ആദ്യം ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. പരാതിക്കാരന്‍റെ ലോണ്‍ അക്കൌണ്ട് 1.40 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് ആയതായും ഓഡിറ്റ് ചെയ്തതില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ആയത് റീ-ഓഡിറ്റ് ചെയ്യേണ്ടി വരുമെന്നുമാണ് സുധാകരൻ പറഞ്ഞത്. അല്ലെങ്കില്‍ ആറ് ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും അല്ലാത്ത പക്ഷം കിട്ടാക്കടം ആയി പ്രഖ്യാപിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
കൈക്കൂലി നല്‍കാത്തതിനാല്‍ പല പ്രാവശ്യം ഫോണില്‍ വിളിച്ച് ഭീക്ഷണി തുടരുകയും ചെയ്തു. ഇതിന് ശേഷം വെള്ളിയാഴ്ച ഫോണില്‍ വിളിച്ച് ആദ്യ ഗഡു കൈക്കൂലിയായി 10,000 രൂപ ഗൂഗിള്‍-പേയില്‍ അയക്കാൻ പറഞ്ഞു. തുടർന്ന് പരാതിക്കാരൻ 10,000 രൂപ ഗൂഗിള്‍ പേയില്‍ അയച്ചു കൊടുത്തിരുന്നു. ബാക്കി തുക അതേ ദിവസം തന്നെ എത്തിക്കണമെന്ന് ഫോണില്‍ കൂടി വീണ്ടും പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് വിജിലൻസില്‍ പരാതി നല്‍കിയത്.
എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിക്കുകയും സുധാകരനെ കൊല്ലം ചിന്നക്കടയിലെ സ്വന്തം വീടിനോട് ചേർന്നുള്ള ഓഫീസ് റൂമില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയമാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

















