കോഴിക്കോട്ടെ പുതിയ ഡി.സി.സി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കലിലുണ്ടായ ഉന്തുംതള്ളും അവമതിപ്പുണ്ടാക്കിയ സാഹചര്യത്തില്‍ കർശന നടപടിയുമായി കെ.പി.സി.സി രംഗത്ത്.കോണ്‍ഗ്രസിന്‍റെ വിവിധ ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് മാർഗരേഖ നടപ്പാക്കാനാണ് കെ.പി.സി.സി തീരുമാനം.
നേതാക്കള്‍ക്കും പ്രവർത്തകർക്കുമുള്ള കരട് മാർഗരേഖക്ക് ഒരാഴ്ചക്കുള്ളില്‍ കെ.പി.സി.സി രൂപം നല്‍കും. ഡി.സി.സി പ്രസിഡന്‍റുമാരും മുതിർന്ന നേതാക്കളും ചർച്ച ചെയ്ത ശേഷം അന്തിമ മാർഗരേഖക്ക് കെ.പി.സി.സി അംഗീകാരം നല്‍കും. തുടർന്ന് മെയ് മുതല്‍ മാർഗരേഖ പ്രകാരമായിരിക്കും സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന മുഴുവൻ പരിപാടികളും നടക്കുക.
പെരുമാറ്റച്ചട്ടവും അച്ചടക്കവും നടപ്പാക്കാനുള്ള ചുമതല സേവാദളിന് നല്‍കും. പാർട്ടിയുടെ താഴേത്തട്ട് മുതല്‍ കെ.പി.സി.സി വരെയുള്ള പരിപാടികളില്‍ വേദിയില്‍ ആർക്കെല്ലാം ഇരിപ്പിടം നല്‍കണമെന്ന് പ്രോട്ടോകോള്‍ പ്രകാരമുള്ള പട്ടിക തയാറാക്കും. നോട്ടീസില്‍ പേരില്ലാത്തവർക്ക് വേദിയില്‍ ഇരിപ്പിടം ഉണ്ടാവില്ല.
വേദിയില്‍ ഇരിപ്പിടമില്ലാത്ത പ്രധാന നേതാക്കള്‍ക്ക് സദസിന്‍റെ മുൻനിരയില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കും. നാടമുറിക്കല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മുൻനിരയില്‍ നില്‍ക്കേണ്ടവരുടെ പട്ടിക ഡി.സി.സി തന്നെ തയാറാക്കും. പാർട്ടി പരിപാടികളില്‍ മാർഗരേഖ കർശനമായി നടപ്പാക്കാനും ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് കെ.പി.സി.സി തീരുമാനിച്ചിട്ടുള്ളത്.
കോഴിക്കോട്ടെ പുതിയ ഡി.സി.സി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കല്‍ സമയത്ത് ചിത്രത്തില്‍ മുഖം വരാനായി നടന്ന ഉന്തുംതള്ളും പാർട്ടിക്ക് വലിയ അവമതിപ്പും പരിഹാസവുമാണ് ഉണ്ടാക്കിയത്. പരിപാടിയില്‍ പങ്കെടുക്കേണ്ട വിശിഷ്ട അതിഥികളും മുതിർന്ന നേതാക്കളും പിന്നിലാവുകയും മറ്റുള്ളവർ മുമ്ബില്‍ ഇടംപിടിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
മുറിക്കേണ്ട നാടയുടെ സമീപത്തെത്താൻ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ വളരെയധികം ബുദ്ധിമുട്ടുകയും ചെയ്തു. ഏറെ വാർത്താ പ്രാധാന്യം ലഭിച്ച പുതിയ ഡി.സി.സി മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിന്‍റെ ശോഭ കെടുത്തുന്നതിന് ഉന്തുംതള്ളും വഴിവെച്ചിരുന്നു. കൂടാതെ, ഉന്തും തള്ളും നടന്നതിന്‍റെ ദൃശ്യങ്ങള്‍ ട്രോളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

















