രാജ്യ തലസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും കേരള കോൺഗ്രസ് എമ്മിന്റെ സമര പ്രഹസനം. കേരളത്തിൽ നിന്ന് ട്രെയിൻ ടിക്കറ്റും ചെലവു കാശും കൊടുത്ത് അണികളെ ഇന്നലെ രാജ്യ തലസ്ഥാനത്ത് എത്തിച്ച് സംഘടിപ്പിച്ചത് വന്യജീവി ആക്രമണത്തിനെതിരെയുള്ള സമരമായിരുന്നു. അണികൾക്കുള്ള മടക്ക ടിക്കറ്റ് ഇന്ന് വൈകുന്നേരം ആയതിനാൽ രാവിലെ ഒരു സമരം കൂടി സംഘടിപ്പിക്കുവാൻ നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു.
രണ്ടാം ദിവസത്തെ സമരത്തിലുള്ള വിഷയം കണ്ടെത്തുകയായിരുന്നു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഏറെ നേരത്തെ ആലോചനക്ക് ശേഷം മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സമരം നടത്താമെന്ന് തീരുമാനിച്ച് ഒരു ബാനറും രാത്രി തന്നെ അടിച്ചു വച്ചു. എന്നാൽ രാവിലെ ആയപ്പോൾ കൂട്ടത്തിൽ ഉള്ള ഏതോ ഒരു വിരുതൻ ബാനർ പൂഴ്ത്തി. എന്തായാലും മുൻനിശ്ചയിച്ച പ്രകാരം സമര മാമാങ്കം സംഘടിപ്പിച്ചങ്കിലും എന്തിനുവേണ്ടിയാണ് സമരം എന്ന് പോലും മനസ്സിലാക്കാതെ പാർട്ടി നേതാക്കൾ തലേദിവസം നടത്തിയ പ്രസംഗം തന്നെ പിറ്റേ ദിവസവും ആഞ്ഞ് കീറുകയും ചെയ്തു.
അണികളെ മുതലെടുക്കുവാൻ നടത്തിയ തട്ടിക്കൂട്ട് സമരത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഇപ്പോൾ വ്യാപക വിമർശനം ഉയരുന്നുവരുന്നുണ്ട്. ഇത്തരം ഒരു ആശയം നടപ്പിലാക്കാൻ തീരുമാനിച്ചവർക്കെതിരെ പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ രൂക്ഷ പ്രതികരണങ്ങളാണ് ഒരു വിഭാഗം ഉയർത്തുന്നത്. എന്നാൽ ഡൽഹി സമരത്തിന് കൊണ്ടുപോകാത്തവർ ഉയർത്തുന്ന കൊതിക്കെറുവാണ് ഇതെന്ന് മറു വിഭാഗം തിരിച്ചടിക്കുന്നുമുണ്ട്.
പാർട്ടി എംഎൽഎമാരും എംപിയും ഡൽഹിയിലെത്തി കേന്ദ്രമന്ത്രിക്ക് നിവേദനം കൈമാറുന്ന ചടങ്ങ് ഒന്ന് കൊഴുപ്പിക്കുവാനും കേരളത്തിൽ അതിൻറെ പേരിൽ പരമാവധി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് മാണി ഗ്രൂപ്പ് ലക്ഷ്യമിട്ടത്. അല്ലാതെ ഡൽഹിയിൽ ഒരു ചെറു മൈതാനം വാടകയ്ക്ക് എടുത്ത് പത്തോ മുപ്പതോ കേരള കോൺഗ്രസ് അണികളെയും കാഴ്ച്ചക്കാരാക്കി മലയാളത്തിൽ പ്രസംഗിച്ചാൽ കേന്ദ്രം വന നിയമത്തിൽ ഭേദഗതി ഒന്നും വരുത്തില്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാവുന്നതാണല്ലോ. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ഇത്തരം പല പ്രഹസനങ്ങളും ഇക്കൂട്ടരിൽ നിന്ന് ഇനിയും പ്രതീക്ഷിക്കാവുന്നതുമാണ്.
ദുരൂഹമായി റോഷിയുടെ അസാന്നിധ്യം, ശരിക്കും ന്യുമോണിയയോ?
പാർട്ടി ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയും, ചീഫ് എൻ ജയരാജ് ഉൾപ്പെടെയുള്ള പാർട്ടിയുടെ എംഎൽഎമാരും മുൻ എംപി തോമസ് ചാഴികാടനും പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിലും മന്ത്രി റോഷി അഗസ്റ്റിന്റെ അസാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മന്ത്രി ന്യൂമോണിയ ബാധിതനായി ഇരിക്കുകയാണെന്നും ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാലാണ് സമരത്തിൽ പങ്കെടുക്കാഞ്ഞതെന്നും അനൗദ്യോഗിക വിശദീകരണം പുറത്തുവരുന്നുണ്ട്. എന്നാൽ കേരള കോൺഗ്രസിൻറെ ചരിത്രം അറിയാവുന്നവർക്ക് ഈ വിഷയത്തിലും ചില സംശയങ്ങൾ ഉടലെടുക്കുന്നു. റോഷിയും പാർട്ടി ചെയർമാൻ ജോസ് കെ മാണിയും തമ്മിൽ അകൽച്ചയിൽ ആണെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടയാണ് മന്ത്രിയുടെ സമരമുഖത്തെ അസാന്നിധ്യത്തെക്കുറിച്ചും സംശയങ്ങൾ ശക്തമാകുന്നത്.

















