മീനച്ചിലാറ്റിലടക്കം അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് പ്രസ് ക്ലബ്ബിൽ സിമ്പോസിയം സംഘടിപ്പിക്കുവാൻ പോകുന്നു എന്ന പ്രഖ്യാപനമാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു കഴിഞ്ഞദിവസം നടത്തിയത്. ജൂൺ മാസം 21 തീയതിയാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ നാലു വർഷത്തിലധികം സ്വന്തം പാർട്ടിയുടെ മന്ത്രി ജലവിഭവ വകുപ്പ് ഭരിച്ചപ്പോൾ ഇക്കാര്യങ്ങൾക്കായി ഒന്നും ചെയ്യാത്തവർ തിരഞ്ഞെടുപ്പ് കാലമാവുമ്പോഴേക്കും സ്വന്തം കഴിവുകേട് മറക്കാൻ നടത്തുന്ന പ്രഹസനമാണ് പരിപാടിയെന്ന് രാഷ്ട്രീയ എതിരാളികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
മന്ത്രി റോഷി അഗസ്റ്റിൻ ജല വിഭവ വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെ തന്നെ കോട്ടയം ജില്ലയിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി കാര്യക്ഷമമായ നടപടികൾ ഉണ്ടാകും എന്ന് നാലു വർഷങ്ങൾക്കു മുമ്പേ തന്നെ കേരള കോൺഗ്രസുകാർ പ്രഖ്യാപിച്ചതാണ്. എന്നാൽ ഇക്കാര്യത്തിനുവേണ്ടി ഒരു ചെറുവിരൽ പോലും ഈ കാലയളവിനുള്ളിൽ ഇവർ അനക്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്തെങ്കിലും ചെയ്തില്ല എന്ന് മാത്രമല്ല പലപ്പോഴും യുഡിഎഫ് ജനപ്രതിനിധികൾ വെള്ളപ്പൊക്ക നിർമ്മാജനത്തിനായി ആവിഷ്കരിച്ച പല പദ്ധതികളും കേവലമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അട്ടിമറിക്കുവാനും കേരള കോൺഗ്രസ് നേതാക്കൾ തന്നെയാണ് മുൻനിരയിൽ നിന്നത്.
കാപ്പനോട് വിരോധം തീർക്കാൻ അട്ടിമറിച്ച അരുണാപുരം റെഗുലേറ്റർ കം ബ്രിഡജ്
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ ശക്തികേന്ദ്രമായിരുന്നു മുത്തോലി പഞ്ചായത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ അകപ്പെടുന്നതിന് പരിഹാരമായി ആദ്യവട്ടം എംഎൽഎ ആയപ്പോൾ മാണി സി കാപ്പൻ ആവിഷ്കരിച്ച പദ്ധതിയാണ് അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ്. ഒന്നാം പിണറായി സർക്കാരിൻറെ അവസാനകാലത്ത് എംഎൽഎ ആയ കാപ്പൻ അന്ന് ജലവിഭവ വകുപ്പ് മന്ത്രിയും ഇന്നത്തെ വൈദ്യുത മന്ത്രിയുമായ കൃഷ്ണൻകുട്ടിയെ ഇടപ്പെടുത്തി പദ്ധതി ടെൻഡർ ആക്കിയതാണ്. എന്നാൽ ജോസ് കെ മാണിയെ കാപ്പൻ പരാജയപ്പെടുത്തിയതോടെ കേവലമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ രണ്ടാം പിണറായി സർക്കാരിൻറെ കാലത്ത് കേരള കോൺഗ്രസ് നേതാക്കൾ മുൻകൈയെടുത്താണ് പദ്ധതി അട്ടിമറിച്ചത്.
ജനരോക്ഷത്തിന്റെ ചൂട് അറിഞ്ഞത് പാർലമെൻറ് തിരഞ്ഞെടുപ്പിൽ
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മാണി സി കാപ്പനോട് ദയനീയമായി പരാജയപ്പെട്ടപ്പോൾ നിയോജകമണ്ഡലത്തിലെ പതിമൂന്നു തദ്ദേശസ്ഥാപനങ്ങളിൽ ഒരിടത്ത് മാത്രമാണ് ജോസ് കെ മാണി ലീഡ് ചെയ്തത്. അത് മുത്തോലി പഞ്ചായത്ത് ആയിരുന്നു. എന്നാൽ അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി അടക്കം അട്ടിമറിച്ച് ജനങ്ങളെ ദ്രോഹിച്ച കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് 2024ലെ പാർലമെൻറ് തിരഞ്ഞെടുപ്പ് ഫലം അക്ഷരാർത്ഥത്തിൽ ഷോക്ക് ട്രീറ്റ്മെൻറ് ആയിരുന്നു.
സിറ്റിംഗ് എംപിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പ്രതിനിധി തോമസ് ചാഴികാടനെ പരാജയപ്പെടുത്തിയ ഫ്രാൻസിസ് ജോർജ് മുത്തോലി പഞ്ചായത്തിലടക്കം ലീഡ് നേടിയത് കേരള കോൺഗ്രസ് കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ച് വീണ്ടും ജോസ് കെ മാണി പാലായിൽ മത്സര രംഗത്തിറങ്ങാൻ ആഗ്രഹിക്കുന്ന ഘട്ടത്തിൽ അധികാരത്തിന്റെ തിമിർപ്പിൽ ജനങ്ങളെ ദ്രോഹിച്ച നടപടികൾ ഇത്തരത്തിൽ വീണ്ടും തിരിച്ചടിയാകുമോ എന്ന ഭയപ്പാടിൽ തന്നെയാവണം വെള്ളപ്പൊക്ക നിയന്ത്രണ സിമ്പോസിയം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ച് കളത്തിൽ ഇറങ്ങുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ തങ്ങളുടെ പല ശക്തി കേന്ദ്രങ്ങളിലും ഈ വിഷയം രാഷ്ട്രീയ ചർച്ചയായി ഉയർന്നുവരും എന്നതു മുന്നിൽ കണ്ടാണ് മാണി ഗ്രൂപ്പ് നേതാക്കൾ ഇപ്പോൾ ഒരു തട്ടിക്കൂട്ട് പരിപാടിയുമായി രംഗത്ത് വന്നിരിക്കുന്നത് എന്ന് വിലയിരുത്തൽ ഉണ്ട്. സിമ്പോസിയം സംഘടിപ്പിക്കുന്നതിൽ തെറ്റില്ല പക്ഷേ വാക്കുകൾക്കപ്പുറം പ്രവർത്തിച്ച് കാര്യങ്ങൾ നടത്താമായിരുന്നിടത്താണ് അത് ചെയ്യാതെ വീണ്ടും വീണ്ടും ചർച്ചകൾ സംഘടിപ്പിച്ച ജനങ്ങളെ പരിഹാസ്യരാക്കുന്നത് എന്നതാണ് പ്രശ്നം. ജന രോക്ഷത്തിന് തടയിടാൻ ഒരു പൊടിക്കൈ എന്ന് സാരം.

















