കളമശ്ശേരി ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലില്‍ വ്യാഴാഴ്ച നടന്ന റെയ്ഡില്‍ കെഎസ്യു നേതാക്കളില്‍നിന്നും 10 കിലോ കഞ്ചാവ് പിടകൂടിയെന്ന് വ്യാജ പ്രചാരണം.സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റർ രൂപേണയാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. സംഭവസമയത്ത് കെഎസ്യു പ്രവർത്തകരായ രണ്ട് വിദ്യാർഥികള്‍ മുറിയില്‍ നിന്നിറങ്ങി ഓടിയതായി പിടിയിലായ കോളേജ് യൂണിയൻ ജനറല്‍ സെക്രട്ടറി അഭിരാജും പ്രാദേശിക എസ്‌എഫ്‌ഐ നേതാവ് ദേവരാജും ആരോപിച്ചു.

എന്നാല്‍, പരിശോധനാ സമയത്ത് ഹോസ്റ്റലില്‍നിന്ന് ആരും ഇറങ്ങി ഓടിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. രാത്രി റെയ്ഡ് നടക്കുന്ന സമയത്ത് ഹോസ്റ്റലിലുണ്ടായിരുന്നില്ലെന്ന് രണ്ട് വിദ്യാർഥികളും പറഞ്ഞു. ഇവരുടെ ചിത്രം സഹിതമുള്ള പോസ്റ്റുകളാണ് 10 കിലോ കഞ്ചാവുമായി പിടികൂടിയതെന്ന് പറഞ്ഞ് ഇടത് അനുകൂല സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാർഥികള്‍ക്ക് സസ്പെൻഷൻ, പരീക്ഷ എഴുതാം- പ്രിൻസിപ്പല്‍ ഡോ. ഐജു തോമസ്

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റല്‍ മുറിയില്‍നിന്നും കഞ്ചാവുമായി പിടിയിലായ മൂന്ന് വിദ്യാർഥികളെയും ഉടനടി സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പല്‍ ഡോ. ഐജു തോമസ്. അവസാനവർഷ വിദ്യാർഥികളായ അഭിരാജ്, ആദിത്യൻ, ആകാശ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച ചേർന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിന് പിന്നാലെയാണ് തീരുമാനം. വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ഹോസ്റ്റലില്‍ രണ്ട് അജ്ഞാതർ വന്നുപോയതായി ഹോസ്റ്റല്‍ വാർഡൻ പരാതിപ്പെട്ടിരുന്നുവെന്ന് പ്രിൻസിപ്പല്‍ പറഞ്ഞു. എന്നാല്‍, ഹോസ്റ്റലില്‍ സിസിടിവി ഇല്ലാത്തതിനാല്‍ ഇവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കോളേജ് പരിസരം സോണുകളായി തിരിച്ച്‌ കോളേജ് അധ്യാപകരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പരിശോധനകള്‍ നടത്താറുണ്ട്. പക്ഷേ, പകല്‍ വിദ്യാർഥികള്‍ ഇല്ലാത്തതുകാരണം പരിശോധന നടത്താറില്ല.

വിദ്യാർഥികളുമായോ രാഷ്ട്രീയപാർട്ടികളുമായോ വ്യക്തിപരമായി പ്രശ്നങ്ങളില്ല. കഞ്ചാവ് പിടികൂടിയ സംഭവം രാഷ്ട്രീയവത്കരിക്കരുത്. വ്യാഴാഴ്ചത്തെ പരിശോധനയ്ക്ക് മുൻപ് പോലീസ് തന്റെ അനുമതി തേടിയിരുന്നുവെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.

കഴിഞ്ഞ വർഷം ആർട്സ് ഡേ ആഘോഷങ്ങള്‍ക്കിടയിലും പുറത്തുനിന്നും വന്നൊരാളെ കഞ്ചാവുമായി പിടികൂടിയിരുന്നു. പ്രദേശത്തെ കോളേജുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്ന് പ്രിൻസിപ്പല്‍ ആവശ്യപ്പെട്ടു.

കർശന നടപടി- മന്ത്രി പി. രാജീവ്

കളമശ്ശേരി ഗവണ്‍മെൻറ് പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിലെ പ്രതികള്‍ക്കെതിരേ മുഖം നോക്കാതെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാ സ്വകാര്യ ഹോസ്റ്റലുകളിലും ഗവണ്‍മെൻറ് ഹോസ്റ്റലുകളിലും വിദ്യാർഥികള്‍ താമസിക്കുന്ന മറ്റെല്ലാ ഇടങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വരുംദിവസങ്ങളിലും ഇത് തുടരും. ഇതോടൊപ്പം വിപുലമായ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക