തൃശൂര്‍ ജില്ലാ കെഎസ്യുവില്‍ ചേരിപ്പോരും തര്‍ക്കങ്ങളും രൂക്ഷമാകുന്നു. കെഎസ്യു തൃശൂര്‍ ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാടിന് എതിരെ വധഭീഷണിയുമായി ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ രംഗത്തെത്തിയതാണ് പുതിയ വിവാദം. നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തെറിവിളിയിലും വധഭീഷണിയിലും കലാശിച്ചത്. ഗോകുല്‍ ഗുരുവായൂര്‍, വിഷ്ണുവിനെ ഫോണില്‍ വിളിച്ച്‌ തെറിവിളിക്കുന്നതിന്റെയും വധഭീഷണി മുഴക്കുന്നതിന്റെയും ശബ്ദരേഖ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇനി ജില്ലയിലേക്കോ ജില്ലാ കമ്മിറ്റി പരിപാടികള്‍ക്കോ വന്നാല്‍ കാല്‍ വെട്ടുമെന്നും, നിന്നെ നേരത്തെ തീര്‍ക്കാന്‍ അറിയാതെയല്ല എന്നും ഗോകുല്‍ ഓഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.

സോണല്‍ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് വിവിധ മണ്ഡലങ്ങളുടെയും കെഎസ്യു കമ്മിറ്റികളുടെയും ചുമതലകള്‍ നല്‍കാറുണ്ട്. ഈ ചുമതലയുടെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്യുവിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. കമ്മിറ്റി രൂപീകരണത്തില്‍ തനിക്കും പേര് നിര്‍ദ്ദേശിക്കാന്‍ അവകാശമുണ്ടെന്ന് ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാട് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞു. തന്റെ സ്വന്തം മണ്ഡലമായ ഗുരുവായൂരിലെ കാര്യങ്ങളില്‍ ഇടപെട്ടത് ചോദ്യം ചെയ്തുകൊണ്ടാണ് ജില്ലാ പ്രസിഡന്റ് ഗോകുല്‍ വിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ടതും തുടര്‍ന്ന് അസഭ്യവര്‍ഷം നടത്തിയതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘടനയിലെ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെങ്കിലും ഗോകുലും വിഷ്ണുവും തമ്മില്‍ നേരത്തെ തന്നെ നിലനില്‍ക്കുന്ന ചില വ്യക്തിപരമായ വൈരാഗ്യങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് വിവരം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് കെഎസ്യു ജില്ലാ പ്രസിഡന്റായ ഗോകുല്‍ ഗുരുവായൂര്‍. നേരത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനൊപ്പം ചിത്രം പങ്കുവെച്ച്‌ സംഘടനയെ വലിയ രീതിയില്‍ പ്രതിക്കൂട്ടിലാക്കിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. തനിക്ക് നേരെ ഉണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് വിഷ്ണു നെടുങ്ങാട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ്-കെഎസ്യു നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് പോര് തെരുവിലേക്ക് വലിഴിച്ചിഴച്ച ജില്ലാ പ്രസിഡന്റിനെതിരെ കര്‍ശന നടപടി വേണമെന്നാണ് ജില്ലാ ഭാരവാഹികളില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക