ഗുജറാത്തില്‍ ഫെബ്രുവരി 16-ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വൻ വിജയംനേടി ബിജെപി.68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല്‍ കോർപ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
68-ല്‍ 65 നഗരസഭകളിലും ബിജെപി ഭരിക്കും. 59 നഗരസഭകളില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ട്. മറ്റു ഏഴ് നഗരസഭകളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ പാർട്ടി ഭരണംപിടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ.പാട്ടീല്‍ അവകാശപ്പെട്ടു. ഒരു നഗരസഭയില്‍ മാത്രമാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ളത്.
ജുനഗഡ് മുനിസിപ്പല്‍ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലേറി. 11 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. ഗുജറാത്തില്‍ ബിജെപി നേടിയ ഗംഭീര വിജയത്തില്‍ പാർട്ടി നേതൃത്തെയും പ്രവർത്തകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ബി.ജെ.പിയുമായുള്ള ഗുജറാത്തിന്റെ ബന്ധം അഭേദ്യമാണെന്ന് മാത്രമല്ല, അനുദിനം ദൃഢമാവുകയും ചെയ്യുന്നു. സംസ്ഥാനത്തുടനീളം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച് അനുഗ്രഹിച്ചതിന് ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഞാൻ നന്ദി പറയുന്നു. വികസന രാഷ്ട്രീയത്തിന്റെ മറ്റൊരു വിജയമാണിത്. ഗുജറാത്തിലെ ജനങ്ങള്‍ ഞങ്ങളില്‍ വീണ്ടും വീണ്ടും വിശ്വാസമർപ്പിക്കുന്നതും അനുഗ്രഹിക്കുന്നതും ഞങ്ങള്‍ക്ക് പ്രവർത്തിക്കാൻ കൂടുതല്‍ ഊർജം നല്‍കുന്നു’ പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

















