ഗവ. നഴ്സിങ് കോളേജിലെ റാഗിങ് കേസില്‍ പ്രതികളിലൊരാളായ മലപ്പുറം വണ്ടൂർ സ്വദേശി കെ.പി. രാഹുല്‍ രാജ് കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെ.ജി.എസ്.എൻ.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി.
നഴ്സിങ് വിദ്യാർഥികളുടെ സി.പി.എം അനുകൂല സംഘടനയാണ് കെ.ജി.എസ്.എൻ.എ. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുല്‍രാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതുസംബന്ധിച്ച പോസ്റ്റും രാഹുല്‍ രാജ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.’രാഹുല്‍രാജ് കോമ്രേഡ്’ എന്നതാണ് ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ പേര്.
സംഘടനാപ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളാണ് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തില്‍ ലളിതഗാനത്തിന് എ ഗ്രേഡോടെ ഒന്നാംസ്ഥാനം കിട്ടിയ വിവരവും സമ്മാനം സ്വീകരിക്കുന്ന ചിത്രവും പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
കോട്ടയത്തെ ഗവ. നഴ്സിങ് കോളേജിലെ ജൂനിയർ വിദ്യാർഥിയെ അതിക്രൂരമായ റാഗിങ്ങിനിരയാക്കിയ കേസിലെ മുഖ്യപ്രതികളിലൊരാളാണ് രാഹുല്‍രാജ്. ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജൂനിയർ വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാഴാഴ്ച പുറത്തുവന്നിരുന്നു.കഴിഞ്ഞദിവസമാണ് ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് കോട്ടയം ഗവ. നഴ്സിങ് കോളേജിലെ അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.
നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാൻഡ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജില്‍നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കർശന നടപടി എടുക്കണമെന്ന് കെ.ജി.എസ്.എൻ.എ.
ഗവ.മെഡിക്കല്‍ കോളേജിലെ ഒന്നാംവർഷ ജി. എൻ.എം.വിദ്യാർഥികളെ റാഗ് ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ജി.എസ്.എൻ.എ.യുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അഞ്ച് വിദ്യാർഥികളെയും ഫെബ്രുവരി 11-ന് പുറത്താക്കിയിരുന്നു. റാഗിങ്ങിന് വിധേയരായ വിദ്യാർഥികള്‍ക്ക് നിയമപരമായും സംഘടനാപരമായും പൂർണപിന്തുണ നല്‍കുമെന്നും കെ.ജി.എസ്.എൻ.എ. സംസ്ഥാന പ്രസിഡന്റ് അശ്വതി അജയൻ അറിയിച്ചു.

















