കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനത്തിലെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം. റെയിൻബോ ട്രെയിഡിങ് കമ്പനിയെ ആണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് ഇവരെ ഫോണിലൂടെയും വാട്സാപ്പിലൂടെയും ബന്ധപ്പെട്ട തട്ടിപ്പ് നടത്തുവാൻ ശ്രമങ്ങൾ ഉണ്ടായത്. എന്നാൽ സ്ഥാപന ഉടമ കൂടിയായ കോൺഗ്രസ് നേതാവ് അമീൻ പുലർത്തിയ ജാഗ്രത തട്ടിപ്പ് സംഘത്തിൻറെ നീക്കങ്ങൾ പൊളിക്കുകയായിരുന്നു.
മിലിറ്ററി കാന്റീനിന്റെ ചുമതലയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥൻ എന്ന പേരിൽ ഒരാൾ കമ്പനി നമ്പറിലേക്ക് ആദ്യം ഫോണിൽ ബന്ധപ്പെട്ടു. സൈനിക ക്യാന്റീനിലേക്ക് തേയില പൊടിയുടെ സപ്ലൈ ആവശ്യപ്പെട്ടാണ് ഇയാൾ ബന്ധപ്പെട്ടത്. ഏഴുവർഷത്തേക്കുള്ള കോൺട്രാക്ട് ആണെന്നും പ്രതിമാസം 500 കിലോ പൊടി ആവശ്യമുണ്ടെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. സൈനിക ക്യാന്റീനമായി ബന്ധപ്പെട്ട ജി എസ് ടി നമ്പർ അടക്കം പങ്കുവെച്ചുകൊണ്ടാണ് തട്ടിപ്പുകാരൻ വിശ്വാസം നേടിയെടുക്കുവാൻ ശ്രമിച്ചത്.

തുടർന്ന് സ്ഥാപന ഉടമ സാമ്പിളുകൾ ഓഫീസിലേക്ക് നേരിട്ട് കൊണ്ടുവരാം എന്ന് പറഞ്ഞപ്പോൾ അതിനു മുമ്പായി വെൻഡർ, സപ്ലൈയർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും ആ നടപടിക്രമങ്ങളുടെ ഭാഗമായി അവർ അയച്ചു നൽകുന്ന ലിങ്കിൽ കയറി പണം അടയ്ക്കണമെന്നും പറഞ്ഞതോടെ തട്ടിപ്പാണോ എന്ന സംശയം ഉടലെടുത്തു. ഓൺലൈൻ ലിങ്കിലൂടെ പെയ്മെൻറ് സാധ്യമാവില്ല എന്നും വേണമെങ്കിൽ ബാങ്ക് അക്കൗണ്ടിൽ അയക്കാം എന്നും പറഞ്ഞതോടെ ഔദ്യോഗിക അക്കൗണ്ട് അല്ല മറ്റൊരു അക്കൗണ്ട് അയച്ചു നൽകാം എന്നുപറഞ്ഞ് തട്ടിപ്പുകാരൻ തലയൂരാൻ ശ്രമിച്ചു. സാമ്പിളുകളുമായി ഇപ്പോൾതന്നെ ഓഫീസിലേക്ക് എത്താം എന്ന് പറഞ്ഞതോടെ ഇന്ന് താൻ ഓഫീസിലില്ല എന്നും സാമ്പിൾ വേണ്ട സാധനവുമായി നാളെ നേരിട്ട് എത്തിയാൽ മതി എന്നുമായി തട്ടിപ്പുകാരൻ.
തുടർന്ന് ഫോൺ വിച്ഛേദിച്ച ശേഷം മിലിറ്ററി കാൻറീനുമായി സ്ഥാപന ഉടമ ബന്ധപ്പെട്ടതോടെയാണ് അങ്ങനെ ഒരു ഉദ്യോഗസ്ഥനെ ഇല്ല എന്ന വിവരം വ്യക്തമായത്. തുടർന്ന് സൈബർ സെല്ലിൽ ഇദ്ദേഹം പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പ് നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരിട്ട് ലേലത്തിൽ പങ്കെടുത്ത് തേയില വ്യാപാരം നടത്തുന്ന കോട്ടയത്തെ പ്രമുഖ സ്ഥാപനമാണ് റെയിൻബോ ട്രേഡിങ് കമ്പനി. ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപാരികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പാണ് തനിക്ക് പങ്കുവെക്കാൻ ഉള്ളതെന്ന് ഞങ്ങളുടെ പ്രതിനിധിയോട് സ്ഥാപന ഉടമയായ അമീൻ വ്യക്തമാക്കി.


















