പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ സംഭവം വലിയ ചർച്ചയാവുകയാണ്. ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ വിശ്വാസികൾ എന്ന് അവകാശപ്പെട്ട് ഒരുപറ്റം ആളുകൾ ഇവിടെ വിളക്ക് കത്തിക്കലും നാമജപവും ആരംഭിച്ചിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വർഗീയ വിഷം വിളമ്പി രാഷ്ട്രീയ മുതലെടുപ്പിന് രംഗത്തെത്തിയിരിക്കുന്നത് ഒരുകാലത്ത് എസ്ഡിപിഐയുടെ പ്രധാന സംരക്ഷകനും ഇപ്പോൾ ബിജെപി നേതാവുമായ പിസി ജോർജ്ജും അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജുമാണ്. ഇവർക്ക് കൂട്ടായി ക്രിസ്ത്യൻ തീവ്ര നിലപാടുള്ള കാസ എന്ന സംഘടനയിലെ ആളുകളും, സംഘപരിവാർ അനുകൂല സംഘടനകളും ബിജെപിയും രംഗത്തുണ്ട്.

ശിവലിംഗം കണ്ടെത്തിയ സംഭവം നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വൺ വാർത്ത റിപ്പോർട്ട് ചെയ്തത് പിസി ജോർജ് ഒരു അവസരമായി കാണുകയും ഇസ്ലാമിസ്റ്റ് ശക്തികൾ ഇവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. ഈ പോസ്റ്റിൽ പിസി ജോർജ് നടത്തിയ മറ്റൊരു വെളിപ്പെടുത്തൽ ഇപ്പോൾ ക്രൈസ്തവ വിശ്വാസികളെ ആകെ അലസോരപ്പെടുത്തുകയും അവരുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ രൂപതയുടെ വസ്തുവിൽ പുനപ്രതിഷ്ഠ നടത്തിക്കുകയും അതുവഴി ബിജെപിയെ പ്രീതിപ്പെടുത്തുകയും ആണ് ജോർജും മകനും ലക്ഷ്യമിടുന്നതെന്ന് വലിയ സംശയങ്ങൾ ഉയരുന്നുണ്ട്. ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കുവാനായി വെള്ളപ്പാട് ക്ഷേത്രത്തിൽ ഞായറാഴ്ച യോഗം ചേരുവാൻ നിശ്ചയിച്ചിട്ടുണ്ട്. യോഗം ചേർന്ന് ആവശ്യം ഉയർത്തുന്നതിന് മുന്നേ തന്നെ ദേവ പ്രശ്നത്തിൽ കണ്ടെത്തിയാൽ സ്ഥലം വിട്ടുകൊടുക്കും എന്ന് അരമന പറഞ്ഞതായി പിസി ജോർജ് നടത്തിയ വെളിപ്പെടുത്തലാണ് കടുത്ത സംശയങ്ങൾക്ക് ഇടയാക്കുന്നത്.

രൂപതയുടെ അല്ലെങ്കിൽ സഭയുടെ സ്വത്തുക്കൾ എന്ന് പറയുന്നത് വിശ്വാസികളുടെ കൂടി സ്വത്തുക്കൾ ആണ്. വിശ്വാസികളുമായി ആലോചിക്കാതെ രൂപതയും വിഷയത്തിൽ ഒരു തീരുമാനമെടുക്കാൻ സാധ്യതയില്ല. ഇങ്ങനെയുള്ളപ്പോൾ രൂപതയെ വെട്ടിലാക്കുവാൻ വേണ്ടിയാണ് പിസി ജോർജ് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്നും സംശയിക്കപ്പെടുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പാലാ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുവാൻ ഷോൺ ജോർജിന് താല്പര്യമുണ്ട്. പിസി ജോർജ് തന്നെ ഇത്തരം ഒരു വെളിപ്പെടുത്തൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയിട്ടുമുണ്ട്. ജോസ് കെ മാണിയുടെ പത്നി നിഷ ജോസ് കെ മാണി അടക്കം ഏറെ നിന്ദ്യമായ രീതിയിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഓൺലൈൻ വാർത്താമാധ്യമത്തിന് പിസി ജോർജ് നൽകിയതും ഈ ലക്ഷ്യം കണ്ടുതന്നെയാണ്. ക്രൈസ്തവ വോട്ടുകൾ തങ്ങൾക്ക് സമാഹരിക്കാൻ ആകുമെന്നും ഹൈന്ദവ വോട്ടുകൾ സമാഹരിക്കണം എങ്കിൽ ഇത്തരം ഒരു അതിന് സഹായിക്കുമെന്ന കണക്ക് കൂട്ടലിലും ആവാം ജോർജ്ജും മകനും ഇപ്പോൾ മുന്നിട്ടിറങ്ങി നടത്തുന്ന ഈ കരുനീക്കങ്ങൾ.

കാസയുടെ വക പോലീസിൽ പരാതി; പരാതിയുടെ കോപ്പി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഷോൺ ജോർജ്

ക്രൈസ്തവ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സംഘടനയാണ് കാസ. എന്നാൽ ആർഎസ്എസ് സ്പോൺസേർഡ് ആയിട്ടുള്ള ഇസ്ലാം വിദ്വേഷ പ്രചാരണവും, ബിജെപി അനുകൂല പ്രചരണവും ആണ് ഇവരുടെ പ്രധാന പ്രവർത്തനം. ബിഷപ്പുമാരെ ഉൾപ്പെടെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചു കൊണ്ടും ഇവർ രംഗത്തെത്തിയിട്ടുണ്ട്. രൂപതയുടെ കൃഷി ഭൂമിയിൽ വിളക്ക് സ്ഥാപിച്ച പ്രവർത്തിയെ ന്യായീകരിക്കുന്ന ഇവർ മതവിദ്വേഷം പ്രചരിപ്പിക്കുവാൻ ശ്രമിച്ചു എന്ന് ആരോപിച്ച് മീഡിയ വൺ ചാനലിനെതിരെ പാല പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഈ പരാതിയുടെ ഉള്ളടക്കം പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാസയുടെ മണ്ഡലം പ്രസിഡൻറ് എന്ന നിലയിൽ പരാതി നൽകിയിരിക്കുന്ന മാഗി ഡൊമിനിക് സജീവ ബിജെപി പ്രവർത്തകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കാസ നൽകിയ പരാതിയുടെ പൂർണ്ണരൂപം ചുവടെ വായിക്കാം.

From,

മാഗി ഡോമനിക്

മണ്ഡലം പ്രസിഡൻറ്, കാസ, പാലാ

To,

SHO, പോലീസ് സ്റ്റേഷൻ, പാലാ

Subject – മതസ്പർദ്ധ ഉണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതും ഷെയർ ചെയ്തതും സംബന്ധിച്ച്.

Respected Sir,

പാലാ രൂപതയുടെ കീഴിലുള്ള ഭൂമിയിൽ കപ്പ കൃഷിക്ക് വേണ്ടി ഭൂമി നിരപ്പാക്കുന്നതിനിടയിൽ മണ്ണിൽ നിന്നും ശിവലിംഗം കണ്ടെത്തിയ സംഭവം ഉണ്ടായിരുന്നു , ആ ഭൂമിയിൽ പുരാതനകാലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നതിനാൽ ആ വിവരം അടുത്തുള്ള വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും , തുടർന്ന് ക്ഷേത്ര ഭാരവാഹികളും സ്ഥലത്തിൻറെ ഉടമസ്ഥരായ പല രൂപത നേതൃത്വവും തമ്മിൽ 08 -02-2025-ൽ ബിഷപ് ഹൗസിൽ വെച്ച് സംസാരിച്ച് ഹൈന്ദവ ആചാര്യന്മാരുടെ വിധിപ്രകാരം കാര്യങ്ങൾ നീക്കുവാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.

ഭൂമിയുടെ ഉടമസ്ഥ അവകാശവാദത്തെ ചൊല്ലി യാതൊരു തർക്കവും ഇല്ലായെന്ന് രൂപതാ നേതൃത്വവും ക്ഷേത്ര ഭാരവാഹികളും റവന്യൂ അധികൃതരെ അറിയിച്ചിട്ടുള്ളതുമാണ്. എന്നാൽ 12-02-2025-ൽ മീഡിയ വൺ എന്ന ചാനൽ ക്യാമറമാനും റിപ്പോർട്ടറും പ്രസ്തുത സ്ഥലത്ത് എത്തുകയും , ഒരു വ്യക്തിയുടെ ഇൻറർവ്യൂ എടുത്തു കൊണ്ട് ആ വാർത്ത മീഡിയ വണ്ണിന്റെ ന്യൂസ് ചാനലിൽ പബ്ലിഷ് ചെയ്യുകയും ചെയ്തു. പ്രസ്തുത വാർത്തയിൽ ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു എന്ന തലക്കെട്ടോട് കൂടി ഒരു വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്. തുടർന്ന് ആ വാർത്ത സോഷ്യൽ മീഡിയയിൽ വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ക്ഷേത്രം ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു എന്ന വാർത്ത മനപ്പൂർവം വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചത് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്നതിനും , തീവ്ര ഹൈന്ദവ സംഘടനകളെ പാലാ ബിഷപ്പിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുവാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയിട്ടാണ്.ഈ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് പരസ്പര ആരോപണങ്ങളും അവഹേളനങ്ങളും നടത്തുന്നതിനും കാരണമായിരിക്കുന്നു.ആയതിനാൽ ഇത്തരത്തിൽ ഒരു വ്യാജവാർത്ത നിർമ്മിച്ച പ്രചരിപ്പിച്ച് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കി കലാപത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ബോധപൂർവ്വം പ്രവർത്തിച്ചതിന് മീഡിയ വൺ ചാനലിന്റെ മാനേജിങ് എഡിറ്റർ സി. ദാവൂദ് , ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ , മീഡിയ വണ്ണിന്റെ കോട്ടയം ബ്യൂറോ റിപ്പോർട്ടർ ജോസി എന്നിവർക്കും മീഡിയ വണ്ണിന്റെ പ്രകോപനപരമായ വ്യാജവാർത്ത ഷെയർ ചെയ്തു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുസ്ലിം പണ്ഡിതനായ ആലപ്പുഴ സ്വദേശി അൻസാരി സുഹാരി ആലപ്പുഴ എന്ന വ്യക്തിക്കെതിരെയും മതസ്പർദ്ധ ഉണ്ടാക്കിയതിനും കലാപ ശ്രമത്തിനും എതിരെ കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വാസപൂർവ്വം,

മാഗി ഡൊമിനിക് +91 94461 97244

NB- ഈ പരാതിക്കൊപ്പം മീഡിയ വൺ പ്രസിദ്ധീകരിച്ച വാർത്തയുടെ പോസ്റ്റർ , വാർത്തയുടെ വീഡിയോ , ലിങ്കുകൾ , ആ വാർത്ത ഷെയർ ചെയ്ത അൻസാരി സുഹാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് , മീഡിയ വൺ കോട്ടയം ബ്യൂറോ റിപ്പോർട്ടർ ജോസിയുടെ ഫോൺ നമ്പർ , അൻസാരി സുഹാരി ആലപ്പുഴയുടെ ഫോൺ നമ്പർ എന്നിവ അറ്റാച്ച് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക