മന്ത്രി റോഷി അഗസ്റ്റിനെതിരെ സിപിഐഎമ്മിൻ്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം. റോഷി വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന മന്ത്രിയെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം. കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തിയിട്ട കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നും വിമർശനം ഉയർന്നു. പാർലമെൻറ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
ആഭ്യന്തരവകുപ്പിനെതിരെയും സമ്മേളനത്തിൻ്റെ പൊതുചർച്ചയില്‍ വിമർശനം ഉയർന്നു. പൊലീസ് സ്റ്റേഷനിലേക്ക് നേതാക്കള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. പാർട്ടിക്കാർ സ്റ്റേഷനില്‍ ചെന്നാല്‍ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും പൊലീസിനെ നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും വിമർശനം ഉയർന്നു.
പൊലീസ് നയത്തിനെതിരെയും പൊതു ചർച്ചയില്‍ പ്രതിനിധികള്‍ വിമർശനം ഉന്നയിച്ചു. വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടും വലിയ വിമർശനമാണ് പൊതുചർച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഉന്നയിച്ചത്.

















