പാലാ സീറോ മലബാർ രൂപതയുടെ അഭിമാന പദ്ധതിയാണ് മാർ സ്ലീവാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. കോടികൾ മുടക്കി പടുത്തുയർത്തിയ ഈ ആതുരാലയം പാലാ ചേർപ്പുങ്കലിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയം ജില്ലയിലെ തന്നെ മികച്ച ആശുപത്രിയായി മാർ സ്ലീവാ ഹോസ്പിറ്റലിനെ മാറ്റാനാണ് പാലാ രൂപതാ നേതൃത്വം ആഗ്രഹിക്കുന്നത്.

എന്നാൽ ഇപ്പോൾ മാർ സ്ലീവാ ആശുപത്രിയെ കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് i21 ന്യൂസ് എന്ന യൂട്യൂബ് ചാനൽ രംഗത്തെത്തിയിരിക്കുകയാണ്. ആശുപത്രിക്കുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സഹിതമാണ് ഇവർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശുപത്രിയിലെ മെയിൽ നേഴ്സുമാർക്ക് ലഭ്യമാക്കിയിരിക്കുന്ന പരിമിതമായ സൗകര്യങ്ങളെ കുറിച്ചാണ് പ്രധാന ആരോപണം. ലോക്കറുകൾ കുത്തിനിറച്ച കണ്ടെയ്നറിനുള്ളിലാണ് ഇവർക്ക് വസ്ത്രം മാറാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത് എന്നും ഇവിടെ ഒരു ടോയ്ലറ്റ് സൗകര്യവും പോലും ലഭ്യമാക്കിയിട്ടില്ല എന്നുമാണ് ആരോപണം. ആശുപത്രി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്നലെ നേഴ്സുമാർ കറുത്ത ബാഡ്ജ് അണിഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത് എന്നും ദൃശ്യങ്ങൾ സഹിതം ഇവർ ചൂണ്ടിക്കാട്ടുന്നു.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മാർസ് സ്ലീവാ യൂണിറ്റിന്റെ പ്രസിഡന്റ് കൂടിയായ പാലാ രൂപതാംഗവും ആശുപത്രി ജീവനക്കാരനുമായ സിനോയ് ജോർജിന്റെ പ്രതികരണവും വീഡിയോയിൽ ചേർത്തിട്ടുണ്ട്. പ്രതിഷേധം ഉയർത്തിയതിന് ഷോക്കോസ് നോട്ടീസ് നൽകുകയും ഡൊമസ്റ്റിക് എൻക്വയറി നടത്തി സമ്മർദ്ദം ചെലുത്തുകയും ചെയ്തു എന്നും പ്രതിഷേധമുയർത്തുന്ന ജീവനക്കാരോടും മാനേജ്മെൻറ് പ്രതികാരപൂർവ്വമുള്ള നടപടികൾ സ്വീകരിക്കുന്നു എന്നും ഇയാൾ ആരോപിക്കുന്നുണ്ട്.

പോലീസിനെ കൊണ്ടുവന്നു മാനേജ്മെന്റ് സമ്മർദ്ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തി എന്നും ഉള്ള ആരോപണവും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്. തങ്ങൾ തീവ്രവാദികൾ ആണെന്ന് വരെ ആരോപണം ഉയർത്തി എന്നാണ് ഇവർ പറയുന്നത്. ഹിന്ദു മതത്തിൽപ്പെട്ട നഴ്സിനെ കന്യാസ്ത്രീ പിടിച്ചുവലിച്ചു കൊണ്ടുപോയി ബലമായി കുരിശു വരച്ചു എന്ന ഗുരുതരമായ ആരോപണവും അസോസിയേഷൻ ഭാരവാഹി ഉന്നയിക്കുന്നുണ്ട്. മത പരിവർത്തനം എന്ന രീതിയിലേക്ക് ആശുപത്രിയിൽ കാര്യങ്ങൾ മാറുന്നുണ്ടെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്.

ട്രെയിനി നഴ്സുമാർക്ക് നേരെ നടത്തുന്ന ചൂഷണങ്ങളും വീഡിയോയിൽ പരാമർശവിഷയമാകുന്നുണ്ട്. ആശുപത്രിയിലെ അമിത ചാർജ് വർദ്ധനയെകുറിച്ചും വീഡിയോയിൽ പരാമർശം ഉണ്ട്. 50 രൂപയിൽ ആരംഭിച്ച കൺസൾട്ടേഷൻ ഇപ്പോൾ 250 രൂപയിൽ അധികമായി എന്നും വീഡിയോയിൽ ആരോപണമുയരുന്നു. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന് പോലും ജീവനക്കാരിൽ നിന്നും മാനേജ്മെൻറ് പണം ഈടാക്കുന്നുണ്ട് എന്നും വീഡിയോയിൽ പരാമർശിക്കുന്നു.

വളരെ ഗുരുതരമായ ആരോപണങ്ങളാണ് ആശുപത്രി മാനേജ്മെന്റിനെതിരെ ഉയർന്നിരിക്കുന്നത്. ജീവനക്കാർ സമരമുഖത്തേക്ക് നീങ്ങുകയാണ് എന്ന സൂചനയും വീഡിയോയിൽ വ്യക്തമാണ്. പാലാ രൂപതയിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും ബന്ധുക്കളാണ് ഭൂരിപക്ഷം ജീവനക്കാർ എന്നിരിക്കെ ഇത്തരം ഒരു ആരോപണം ഉയരുന്നത് വിശ്വാസ സമൂഹത്തിനിടയിലും അവമതിപ്പുണ്ടാക്കാൻ ഇടയാക്കുന്നു. ലേബർ ഓഫീസ് അടക്കം ഇടപെട്ടിരിക്കുന്ന വിഷയങ്ങളിൽ രമ്യമായ പരിഹാരം ഉണ്ടാകുമോ അതോ കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുമോ എന്ന് കണ്ടറിയണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക