തലയോലപ്പറമ്ബ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവിനെതിരെ നടപടി. കേരള കോണ്‍ഗ്രസ് (എം) നേതാവ് ബാബു ജോസഫിനെതിരെയാണ് നടപടി. പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബാബു ജോസഫില്‍ നിന്ന് രാ‍ജി എഴുതി വാങ്ങിച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബാബു ജോസഫിനെ നീക്കുകയും ചെയ്തു.

ആക്രമണത്തില്‍ ഫാദർ ജോണ്‍ തോട്ടുപുറത്തിന് സാരമായി പരിക്കേറ്റിരുന്നു.കുർബാനയ്ക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചിരുന്നു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് തലയോലപ്പറമ്ബ് പൊലീസ് എത്തി പള്ളി പൂട്ടിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധം ഉയർത്തി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മുൻ വികാരി ജെറിൻ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് സംഘർഷമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആരോപണം. സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോണ്‍ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പളളിയാണിത്. ഏറെ നാളായി ഇവിടേയും ഏകീകൃത കുർബാനയെ ചൊല്ലി തർക്കം നിലനില്‍ക്കുന്നുണ്ട്. പളളിക്കുളളില്‍ വെച്ച്‌ കയ്യേറ്റം ഉണ്ടായെന്ന് കാണിച്ച്‌ ജോണ്‍ തോട്ടുപുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോട്ടയം തലയോലപ്പറമ്ബ് പ്രസാദഗിരി പള്ളിയില്‍ കുർബാനയ്ക്കിടെ സംഘർഷമുണ്ടാക്കിയ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാർ സഭ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഏകീകൃതരീതിയില്‍ വിശുദ്ധ കുർബാനയർപ്പിക്കണമെന്ന തീരുമാനത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അതീവ വേദനാജനകവും അപലപനീയവുമാണെന്ന് വാർത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

സഭയ്ക്കൊപ്പം ജോസ് കെ മാണി

ബാബു ജോസഫ് ഏറെക്കാലം കെഎം മാണിയുടെ ഗൺമാനായി പ്രവർത്തിച്ച വ്യക്തിയാണ്. സർവീസിൽനിന്ന് വിരമിച്ച ശേഷമാണ് ഇയാൾ പാർട്ടിയിൽ പദവി ഏറ്റെടുത്തത്. എന്നാൽ സഭയുടെ ഔദ്യോഗിക നിലപാടിന് വെല്ലുവിളിക്കുകയും വൈദികനെ പള്ളിക്കുള്ളിൽ വച്ച് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇയാളെ ജോസ് കെ മാണി പരിപൂർണ്ണമായി തള്ളുകയാണ്. സഭക്കൊപ്പം ആണ് താനും പാർട്ടിയും എന്ന നിലപാട് കൂടിയാണ് നടപടിയിൽ നിന്ന് വ്യക്തമാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക