47ാമത് അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉദ്ഘാടന ചടങ്ങില്‍ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നുൻ പങ്കെടുത്തതായി റിപ്പോർട്ട്.പല പ്രമുഖരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ പന്നുവും പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന പന്നുവിന്റെ വീഡിയോയില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ട്രംപും ഭാര്യ മെലാനിയയും വേദിയിലെത്തിയപ്പോള്‍ എല്ലാവരും ‘യുഎസ്‌എ’, ‘യുഎസ്‌എ’ എന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടെ പന്നുൻ ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. പന്നുൻ തന്നെയാണ് സെല്‍ഫി വീഡിയോ എടുത്തതെന്നാണ് സൂചന.
കാനഡയിലെ സിഖ്സ് ഫോർ ജസ്റ്റിസ് തലവനായ ഗുർപത്‌വന്ത് സിംഗ് പന്നുനിനെതിരെ 2019ലാണ് എൻഐഎ ആദ്യം കേസെടുത്തത്. 2019 ജൂലായ് 10ന് സിഖ്സ് ഫോർ ജസ്റ്റിസിനെ കേന്ദ്ര സർക്കാർ നിരോധിച്ചു. 2020 ജൂലായ് ഒന്നിന് പന്നുനിനെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.
പഞ്ചാബിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഇയാള്‍ ഭീകര പ്രവർത്തനം നടത്തുന്നതിന്റെ നിർണായക വിവരങ്ങള്‍ എൻഐഎ ശേഖരിച്ചിരുന്നു. യുവാക്കളെ ഭീകരപ്രവർത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യാൻ സൈബർ ഇടം ദുരുപയോഗിക്കുന്നതും കണ്ടെത്തി. ഖാലിസ്ഥാൻ എന്ന സ്വതന്ത്ര നാടിനായി പോരാടാൻ, പഞ്ചാബിലെ ക്രിമിനല്‍ സംഘങ്ങളുടെ നേതാക്കളെയും യുവാക്കളെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു. കാനഡയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഇയാള്‍ ഇന്ത്യ – കാനഡ പ്രതിസന്ധിക്കിടെ ഭീഷണി മുഴക്കിയിരുന്നു.

















