തദ്ദേശ തെരഞ്ഞെടുപ്പ് കൈയെത്തും ദൂരെ നില്‍ക്കുമ്ബോള്‍ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മൂർക്കനാട് സി.പി.എം പ്രവർത്തകരുടെ കൂട്ടരാജി.മൂർക്കനാട് ബ്രാഞ്ചില്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 17 പേരാണ് രാജിവെച്ചത്.

ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൂട്ടി ലോക്കല്‍ സെക്രട്ടറിക്ക് താക്കോല്‍ കൈമാറി. പൊതുജനങ്ങള്‍ക്കിടയില്‍ വെച്ച്‌ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവർത്തകരെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെയാണ് രാജി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച തച്ചണ്ണയില്‍ കൃഷ്ണപിള്ള സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി റിയാസ് എത്തിയത്. ഈ സമയം മൂർക്കനാട് നടപ്പാലം നിർമാണവും തകർന്ന റോഡ് നന്നാക്കാത്തതും സംബന്ധിച്ച്‌ മന്ത്രിക്ക് നിവേദനം നല്‍കാൻ നേതാക്കള്‍ ഉള്‍പ്പെടെ പ്രവർത്തകർ മൂർക്കനാട് അങ്ങാടിയില്‍ കാത്തുനിന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിവേദനവുമായി കാത്തുനില്‍ക്കുന്നുണ്ടെന്നും വാഹനം നിർത്തി നിവേദനം സ്വീകരിക്കല്‍ പാർട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാൻ അത്യാവശ്യമാണെന്നും മന്ത്രിയെ അറിയിച്ചു. മന്ത്രി എത്തിയപ്പോള്‍ പ്രവർത്തകർ കൈ കാണിച്ചെങ്കിലും വാഹനം നിർത്തിയില്ല. ഇതോടെ ലീഗ്, കോണ്‍ഗ്രസ് പ്രവർത്തകർക്കിടയില്‍ നാണംകെട്ടെന്നാണ് സി.പി.എം പ്രവർത്തകർ പറയുന്നത്.

അതേസമയം, മന്ത്രിമാരുടെ അദാലത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ മന്ത്രിക്ക് നിവേദനം നല്‍കിയതിനു പിന്നാലെ മൂർക്കനാട് നടപ്പാലം നിർമാണം ആരംഭിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവർത്തകർക്ക് നല്‍കിയ പരിഗണന പാർട്ടി പ്രവർത്തകർക്ക് ലഭിച്ചില്ലെന്നാണ് പരാതി. രാജിവെക്കുന്നതിനു മുമ്ബ് പ്രവർത്തകർ ബ്രാഞ്ച് കമ്മിറ്റി ഓഫിസില്‍ യോഗം ചേരുന്നതറിഞ്ഞ് ഏരിയ സെക്രട്ടറി എൻ.കെ. ഷൗക്കത്തലി ഉള്‍പ്പെടെ എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

നിലവിലെ സാഹചര്യത്തില്‍ പ്രവർത്തകരുടെ രാജി സി.പി.എമ്മിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. രഹസ്യ യോഗങ്ങള്‍ ചേർന്ന് പ്രവർത്തകരെ അനുനയിപ്പിച്ച്‌ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍, പാർട്ടിയില്‍ ഒരു പ്രശ്നവുമില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി എം.കെ. ഷൗക്കത്തലി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക