വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം,ഐ.ടി ഹബ്ബ്,മാളുകള്‍ തുടങ്ങിയ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നതോടെ തലസ്ഥാന നഗരത്തില്‍ ഫ്‌ലാറ്റുകളുടെയും വില്ലകളുടെയും കുതിച്ചുചാട്ടം.കഴിഞ്ഞ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ഈ വര്‍ഷം റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ രജിസ്‌ട്രേഷനില്‍ ഒന്നാം സ്ഥാനം നിലനിറുത്തിയിരുന്ന എറണാകുളത്തെ പിന്തള്ളിയാണ് തിരുവനന്തപുരത്തിന്റെ മുന്നേറ്റം. 2023ലേതിനെ അപേക്ഷിച്ച് 2024ല്‍ 49 ശതമാനം രജിസ്‌ട്രേഷന്‍ വര്‍ദ്ധനവുണ്ടായെന്നാണ് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയുടെ (കെ-റെറ) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഫ്‌ലാറ്റുകളും വില്ലകളും വാണിജ്യാടിസ്ഥാനത്തിലുള്ള ഫ്‌ലോട്ടുകളും അടക്കം 2987 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ 2024ല്‍ രജിസ്റ്റര്‍ ചെയ്തു.എറണാകുളത്ത് 2864 യൂണിറ്റുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. 2022-23 കാലത്ത് 2000 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നിടത്താണ് ഇത്തവണ തിരുവനന്തപുരത്തുണ്ടായ ഈ വര്‍ദ്ധനവ്.
2024ല്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തത് – 2987 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള
2022-23 കാലത്ത് – 2000 യൂണിറ്റുകള്‍
തൊഴില്‍ സാദ്ധ്യതയില്‍ വര്‍ദ്ധനവ്
അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയും വ്യവസായ നഗരമെന്ന കൊച്ചിയുടെ മുഖച്ഛായയുമാണ് നേരത്തെ എറണാകുളത്തെ റിയല്‍ എസ്റ്റേറ്റ് ഹബ്ബായി കണക്കാക്കിയിരുന്നത്. എന്നാല്‍, വന്‍കിട ബില്‍ഡിംഗുകളും ഫ്‌ലാറ്റുകളും തിങ്ങിനിറഞ്ഞതോടെ എറണാകുളത്തേക്കാള്‍ മെച്ചപ്പെട്ട സന്തുലിത വാസത്തിനായി ആളുകളെ തിരുവനന്തപുരത്തേക്ക് ആകര്‍ഷിക്കാന്‍ കാരണമായെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആകര്‍ഷിച്ച്
വിഴിഞ്ഞം തുറമുഖം അടക്കമുള്ള പുതിയ തൊഴില്‍ സാദ്ധ്യതകള്‍, ഭരണകൂടസിരാകേന്ദ്രം, ഐ.ടി ഹബ്ബ്, മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നീ ഘടകങ്ങളും ആളുകളെ ആകര്‍ഷിക്കുന്നു. തമിഴ്‌നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കടന്നുവരവും കൂടുതല്‍ നിക്ഷേപ സാഹചര്യങ്ങള്‍ തേടുന്നവരും പ്രൊഫഷണലുകളും തിരുവനന്തപുരത്ത് ഫ്‌ളാറ്റുകളും വില്ലകളും സ്വന്തമാക്കുന്നുണ്ട്. ആവശ്യക്കാര്‍ ഏറിയതോടെ തിരുവനന്തപുരം നഗരത്തിലെ മിക്കസ്ഥലങ്ങളിലെയും ഭൂമി വിലയിലും വലിയതോതിലുള്ള വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും കൂടുതല്‍ അവസരങ്ങളും നോക്കിയാണ് ആളുകള്‍ അനുയോജ്യമായ പാര്‍പ്പിടങ്ങള്‍ കണ്ടെത്തുന്നത്. തിരുവനന്തപുരത്ത് അത്തരം പ്രയോജനങ്ങളും വികസനവും കൂടുതലായി ഉണ്ടാകുന്നുണ്ട്.അതാണ് റിയല്‍ എസ്റ്റേറ്റ് സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നത്. സൈബര്‍ സിറ്റി അടക്കമുള്ള കൂടുതല്‍ വികസനങ്ങളുണ്ടാകുന്നതോടെ താമസിയാതെ എറണാകുളത്തും ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും: പി.എച്ച്.കുര്യന്‍, ചെയര്‍മാന്‍, കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി.

















