കോട്ടയം നഗരത്തിൽ പിടിമുറുക്കി ചീട്ടുകളി സംഘങ്ങൾ. ലക്ഷങ്ങൾ മറിയുന്ന അനധികൃത ചൂതാട്ട കേന്ദ്രം നഗര മധ്യത്തിൽ അധികൃതരുടെയും പോലീസിന്റെയും മൂക്കിന് താഴെയാണ് പ്രവർത്തിക്കുന്നത്. കോടിമത നാലുവരി പാതയ്ക്ക് സമാന്തരമായി ഐസിഐസിഐ ബാങ്ക് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കോട്ടയംകാരായ മൂന്ന് യുവാക്കൾ ചേർന്ന് ചീട്ടുകളി കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഇവിടെ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരമേ ഉള്ളൂ എങ്കിലും കെട്ടിടം സ്ഥിതിചെയ്യുന്നത് ചിങ്ങവനം പോലീസിന്റെ അധികാരപരിധിയിലാണ്.
കേവലം ഒരു ചീട്ടുകളി കേന്ദ്രം അല്ല മറിച്ച് ഒരു ആധുനിക ചൂതാട്ട കേന്ദ്രം തന്നെയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. കളി നടക്കുന്ന ദിവസങ്ങളിൽ മദ്യവും സിഗരറ്റും ഇവിടെ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നു. മേശ കാശ്, മദ്യവും സിഗരറ്റും വിറ്റുകിട്ടുന്ന ലാഭം എന്നീ ഇനങ്ങളിൽ പ്രതിദിനം ഒന്നു മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് നടത്തിപ്പുകാർ സമ്പാദിക്കുന്നത്. വൻ ലാഭം ഉള്ളതിനാൽ തന്നെ ചിങ്ങവനം പോലീസ് സ്റ്റേഷനിലും ഇവർ വേണ്ടതുപോലെ ‘പൊതി’ എത്തിക്കുന്നുണ്ട് എന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനാൽ തന്നെ പോലീസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് സുഗമമായ പ്രവർത്തനം ഉറപ്പുവരുന്നത്.
അവധി ദിവസങ്ങളിൽ നിരവധി ആളുകൾ എത്തുന്നതിനാൽ ടോക്കൺ നൽകിയാണ് ഉള്ളിലേക്ക് പ്രവേശനം നിയന്ത്രിക്കുന്നത്. കോട്ടയം ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്നും അന്യ ജില്ലകളിൽ നിന്നും വരെ അവധി ദിവസങ്ങളിൽ ഇവിടെ കളിക്കാർ എത്തുന്നുണ്ട്. ശരാശരി ദിവസങ്ങളിൽ 10 മുതൽ 15 ലക്ഷം രൂപ വരെയുള്ള കളി നടക്കുമ്പോൾ അവധി ദിവസങ്ങളിൽ ഇവിടെ അരക്കോടിക്കും മുകളിൽ പണമാണ് ഇവിടെ മറിയുന്നത്. പൈസ നഷ്ടപ്പെടുന്നവരെ കളി തുടരുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിപ്പുകാർ തന്നെ ബ്ലേഡ് പലിശയ്ക്ക് പണവും കടം കൊടുക്കുന്നുണ്ട്. വാഹനവും ചെക്ക് ലീഫും ഉൾപ്പെടെ ഈടു വാങ്ങിയാണ് പണം നൽകുന്നത്.
ഈ കേന്ദ്രത്തിൽ പകൽ സമയങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന സംശയങ്ങളും സജീവമാണ്. തിരക്കുള്ള പാതയാണെങ്കിലും അല്പം അകത്തേക്ക് കയറിയിരിക്കുന്നതിനാലും ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാലും വാഹനം ഒതുക്കിയിട്ട് സംശയത്തിന് ഇട കൊടുക്കാതെ കെട്ടിടത്തിൽ പ്രവേശിക്കുവാൻ സൗകര്യമുള്ളതിനാൽ ഇത്തരക്കാരും ഇവിടെ എത്തുവാൻ താല്പര്യപ്പെടുന്നുണ്ട്. അനാശാസ്യക്കാരെ കൂടാതെ രാസ ലഹരി ഉപയോഗിക്കാൻ എത്തുന്ന ചെറുപ്പക്കാരും പകൽ സമയങ്ങളിൽ ഈ ചൂതാട്ട കേന്ദ്രത്തെ ആശ്രയിക്കുന്നു എന്നും വാർത്തകൾ ഉണ്ട്.

















