
നിയമ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലിംവിംഗ് ടുഗതർ പങ്കാളി അറസ്റ്റില്‍. അമിറ്റി യൂണിവേഴ്‌സിറ്റിയിലെ എല്‍എല്‍ബി വിദ്യാർത്ഥിയായ, യുപി ഗാസിയാബാദ് സ്വദേശി തപസാണ് (23) മരിച്ചത്.ഒന്നിച്ച് ജീവിക്കുന്നില്‍ നിന്നും പങ്കാളി പിൻമാറിയതിനെ തുടർന്ന് നോയിഡയിലെ സുഹൃത്തിൻ്റെ അപ്പാർട്ട്‌മെൻ്റിൻ്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യ പ്രേരണക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.തപസും മുൻ കാമുകിയും അമിറ്റി യൂണിവേഴ്സിറ്റിയില്‍ സഹപാഠികളായിരുന്നു. ഏറെ നാളുകളായി ഇവർ ഒന്നിച്ചാണ് ജീവിക്കുന്നത്. അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ബന്ധം പിരിയാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ഒന്നിച്ച് ജീവിക്കുന്നത് തുടരാമെന്ന ആവശ്യം യുവതി നിരസിച്ചതോടെയാണ് തപസ് ജീവനൊടുക്കിയത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത് ആത്മഹത്യ പ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിക്ക് കോടതി ജാമ്യം നല്‍കിയത്.
യുവതിയുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീർക്കാനാണ് തപസ് നോയിഡയിലെ സെക്ടർ 99 ലെ അപ്പാർട്ട്മെൻ്റില്‍ എത്തിയത്. യുവതിയും അവിടെ വന്നിരുന്നു. സുപ്രീം ടവേഴ്സിലുള്ള സുഹൃത്തിൻ്റെ വീട്ടില്‍ നടന്ന ചർച്ചയില്‍ പിരിയാനുള്ള തീരുമാനത്തില്‍ യുവതി ഉറച്ചു നില്‍ക്കുകയായിരുന്നു. തുടർന്നാണ് തപസ് ഏഴാം നിലയില്‍ നിന്നും ചാടി മരിച്ചത്.
കൂട്ടുകാർക്കും യുവതിക്കുമെതിരെ തപസിൻ്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഭാരതീയ നിയമസംഹിതയിലെ വകുപ്പ് 108 പ്രകാരം ആത്മഹത്യ പ്രേരണയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.