
ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.ജയില്‍ സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെയാണ് ഇവര്‍ ബോബി ചെമ്മണൂരിനെ സന്ദര്‍ശിച്ചതെന്ന് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്തു സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണ് വിവരം.
ജയില്‍ നിയമം മറികടന്ന്, സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ ബോബി ചെമ്മണൂരിനെ സന്ദര്‍ശിക്കാന്‍ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.എന്നാല്‍ ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ച വിഐപികള്‍ ആരെന്നത് വ്യക്തമായിട്ടില്ല.ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാർ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദർശക പട്ടികയില്‍ പേര് ചേർക്കാതെ സൂപ്രണ്ടിൻ്റെ മുറിയിലിരുന്ന് സംസാരിച്ചു എന്നാണ് റിപ്പോർട്ട്. ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബി ചെമ്മണൂരിന് ഫോണ്‍ വിളിക്കാൻ 200 രൂപ നേരിട്ട് നല്‍കി. പിന്നീട് ഇത് രേഖകളില്‍ എഴുതി ചേർത്തെന്നും റിപ്പോർട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ ജയില്‍വകുപ്പ് അടുത്ത ദിവസം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. നടി ഹണിറോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജയിലിലാണ് ബോബി ചെമ്മണൂരുള്ളത്.