കൊച്ചി കളമശ്ശേരിയില്‍ അപ്പാർട്മെൻ്റില്‍ ഇൻ്റേണ്‍ഷിപ്പിനെത്തിയ വിദ്യാർത്ഥികളെ സുഹൃത്തായ വിദ്യാർത്ഥിയുള്‍പ്പെട്ട സംഘം ആക്രമിച്ചു.അഞ്ച് വിദ്യാർത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാസർകോഡ് സ്വദേശികളായ ഷാസില്‍ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാല്‍ , അഫ്സല്‍ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്.പെണ്‍ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം രണ്ട് സുഹൃദ് സംഘങ്ങള്‍ തമ്മിലെ സംഘർഷത്തില്‍ കലാശിച്ചെന്നാണ് വിവരം.
തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെ സീപോർട്ട് എയർ പോർട്ട്റോഡിന് സമീപം കൈപ്പടമുഗളില്‍ അഫ്സല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്പാർട്മെൻ്റിലാണ് സംഘർഷം ഉണ്ടായത്. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളുടെ സുഹൃത്തായ ദേവാനന്ദും കണ്ടാലറിയാവുന്ന നാല് പേരും ചേർന്നാണ് ആക്രമിച്ചത്.
കമ്ബി വടിയും മാരകായുധങ്ങളുമായി അപ്പാർട്ട്മെൻ്റിലെ വാതില്‍ പൊളിച്ച് അകത്ത് കയറിയ സംഘം ഷാസിലിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരും ചികിത്സയിലാണ്. കൊലപാതക ശ്രമം അടക്കമുളള വകുപ്പുകള്‍ ചുമത്തി കളമശ്ശേരി പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തട്ടില്ല. മംഗലാപുരം കോളജിലെ വിദ്യാർത്ഥികളായ എല്ലാവരും എറണാകുളത്ത് ഇൻ്റേണ്‍ഷിപ്പ് ചെയ്യാൻ എത്തിയവരാണ്.

















