ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി.രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂർ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.
അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമർശനത്തിന് അതീതയല്ലെന്നും അതിനാലാണ് താൻ വിമർശിച്ചതെന്നും തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയർത്തി.എന്നാല്‍ രാഹുല്‍ ഈശ്വറിന് മുൻകൂർ ജാമ്യം നല്‍കാൻ ഹൈക്കോടതി തയ്യാറായില്ല.
കേസ് ഈ മാസം 27-ലേക്ക് മാറ്റി. മുൻകൂർ ജാമ്യം നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.അതേസമയം ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എറണാകുളം സെൻട്രല്‍ പോലീസിലാണ് ഹണി റോസ് രാഹുലിനെതിരെ പരാതി നല്‍കിയത്. പരാതി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

















