തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂർ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരസ്യമായ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി ഹണി റോസ്.ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നുണ്ടായത് നല്ലൊരു തീരുമാനമാണെന്നും അദ്ദേഹത്തിന്റെ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നുവെന്നും ഹണി റോസ് വ്യക്തമാക്കി. എന്നാല്‍, നിലവിലുള്ള നിയമനടപടികളുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തില്‍ മാതാപിതാക്കളുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും താരം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ഹണി റോസിനും കുടുംബത്തിനും ഉണ്ടായ മാനസിക വിഷമങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ബോബി ചെമ്മണ്ണൂർ ഇൻസ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്.
“ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകള്‍ അവർക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ വരുത്തിയ ദ്രോഹത്തിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഈ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് ബോബി ചെമ്മണ്ണൂർ കുറിച്ചിരുന്നു.
ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ ദ്വയാർഥ പ്രയോഗങ്ങള്‍ക്കെതിരെ ഹണി റോസ് രംഗത്തു വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ നിരന്തരം അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഹണി റോസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ വെച്ച് ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചു. നിലവില്‍ കേസ് പിൻവലിക്കുന്ന കാര്യത്തില്‍ നടിയുടെ ഭാഗത്തുനിന്നുള്ള അടുത്ത നീക്കങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
















