നികുതി രേഖകള്‍ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സിനിമാ താരം ഹണി റോസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. പല സാമ്ബത്തിക വർഷങ്ങളിലെ നികുതി രേഖകള്‍ ഒരുമിച്ച് ആവശ്യപ്പെട്ട നടപടി നിയമപരമായി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ വർഷത്തെയും ജിഎസ്ടി ബാധ്യതകള്‍ പ്രത്യേകം വിലയിരുത്തിയ ശേഷമേ നോട്ടീസ് നല്‍കാവൂവെന്ന നിർദേശത്തോടെയാണ് കോടതി ഉത്തരവ്.
അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നല്‍കാത്തതിന് ആയിരുന്നു നോട്ടീസ്.2017 മുതല്‍ 2023 വരെയുള്ള സാമ്ബത്തിക വർഷങ്ങളില്‍ ജിഎസ്ടി റിട്ടേണ്‍ കൃത്യമായി സമർപ്പിച്ചില്ലെന്നും അഭിനയത്തിലൂടെ ലഭിച്ച വരുമാനം പൂർണ്ണമായി വെളിപ്പെടുത്തിയില്ലെന്നുമായിരുന്നു സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പ്രധാന ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് സാമ്ബത്തിക വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതിയായി 34.73 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ജിഎസ്ടി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹണി റോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച്, ഒരേസമയം പല വർഷങ്ങളിലെ നികുതി വിവരങ്ങള്‍ ആവശ്യപ്പെടുന്ന നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചു. ഓരോ സാമ്ബത്തിക വർഷത്തെയും നികുതി ബാധ്യതകള്‍ പ്രത്യേകം പരിശോധിച്ചും അതനുസരിച്ച് രേഖകള്‍ ആവശ്യപ്പെട്ടും മാത്രമേ നടപടി സ്വീകരിക്കാവൂവെന്ന് കോടതി നിർദേശിച്ചു.2017ല്‍ മാത്രം 11 സിനിമകളില്‍ അഭിനയിച്ചതായി ജിഎസ്ടി വകുപ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍, എട്ട് ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചതെന്ന വിവരമാണ് നടി നല്‍കിയതെന്നും നോട്ടീസില്‍ പരാമർശിച്ചിരുന്നു.
ഇത്തരം വൈരുദ്ധ്യങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസാണ് ഹൈക്കോടതി റദ്ദാക്കിയത്.കോടതി വിധിയുടെ പശ്ചാത്തലത്തില്‍, നിയമപരമായ നടപടികള്‍ പാലിച്ച് ഓരോ വർഷത്തെയും നികുതി രേഖകള്‍ പ്രത്യേകം ആവശ്യപ്പെടാൻ ജിഎസ്ടി വകുപ്പിന് സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. ഇതോടെ ഹണി റോസിന് നല്‍കിയ ഏകോപിത നോട്ടീസ് നിലവില്‍ നിലനില്‍ക്കില്ല.

















