പാലാ നഗരസഭയിലെ മുനിസിപ്പൽ സ്റ്റേഡിയം സ്വാതന്ത്ര്യ സമര സേനാനിയും, എംപിയും, പാലാ നഗരസഭ അധ്യക്ഷനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ സ്മാരകമാണ്. എന്നാൽ നിലവിലെ എംഎൽഎ കൂടിയായ മാണി സി കാപ്പന്റെ പിതാവിനോടും അദ്ദേഹം പ്രതിനിധാനം ചെയ്ത രാഷ്ട്രീയത്തോടുമുള്ള കേരള കോൺഗ്രസിന്റെ എതിർപ്പ് പാലായിലെ രാഷ്ട്രീയം ബോധമുള്ള ഏവർക്കും അറിവുള്ളതാണ്. ചെറിയാൻ ജെ കാപ്പൻ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പ്രവേശന കവാടം സ്ഥിരമായി അടച്ചിടുകയും അതിനു മുന്നിൽ ബസ്റ്റോപ്പ് കൊണ്ടുവരികയും ചെയ്ത ശേഷം പുതിയ പടുകൂറ്റൻ കവാടം പടുത്തുയർത്തി ചെറിയാൻ ജെ കാപ്പന്റെ പേര് മാറ്റി ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്ന് പുതിയ പ്രവേശന കവാടത്തിൽ ആലേഖനം ചെയ്തു വച്ചത് അദ്ദേഹത്തോടുള്ള പക അദ്ദേഹത്തിൻറെ സ്മാരകത്തോടും തുടരുന്നതിന്റെ തെളിവായിരുന്നു.
ഇപ്പോൾ ഇതാ ജോസ് കെ മാണിയുടെ എംപി ഫണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ മുടക്കി സ്റ്റേഡിയത്തിലെ ചെറിയാൻ കാപ്പൻ ഗേറ്റിന് സമീപമായി ഒരു ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കിയതിനുള്ള പകിട്ടൊന്നും ഓപ്പൺ ജിംനേഷ്യത്തിനില്ല എന്ന് മാത്രമല്ല ഇവയിൽ പല ഉപകരണങ്ങൾക്കും കൊച്ചുകുട്ടികളുടെ ചിൽഡ്രൻസ് പാർക്കിൽ ഇരിക്കുന്ന ഉപകരണങ്ങളുടെ നിലവാരവും ഉപയോഗവും മാത്രമേ ഉള്ളൂ. എന്നാൽ ഇത് സ്ഥാപിച്ചിരിക്കുന്നത് സ്പോർട്സ് താരങ്ങൾക്ക് പൊതുജനങ്ങൾക്കോ ആരോഗ്യ പരിപാലനത്തിന് ഗുണപരമാകുന്നതിന് വേണ്ടിയല്ല മറിച്ച് അപലപനീയമായ ചില രാഷ്ട്രീയ പ്രവണതകളുടെ തുടർച്ചയാണെന്നതാണ് യാഥാർത്ഥ്യം.
പൊതുഖജനാവിൽ നിന്ന് ജനക്ഷേമ/വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട പണം ചില രാഷ്ട്രീയ കളികൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ഓപ്പൺ ജിംനേഷ്യം. ചെറിയാൻ ജെ കാപ്പൻ സ്മാരക ഗേറ്റ് കയ്യേറി അവിടെ കെഎം മാണിയുടെ പേരോ, ഫണ്ട് അനുവദിച്ച് അദ്ദേഹത്തിന്റെ മകൻ ജോസ് കെ മാണിയുടെ പേരോ ആലേഖനം ചെയ്ത ബോർഡ് ഉയർത്തി രാഷ്ട്രീയ യജമാന്മാരെ സുഖിപ്പിക്കുവാനുള്ള മുനിസിപ്പൽ ഭരണസമിതിയിലെ ചിലരുടെ താല്പര്യങ്ങളാണ് ഇതിനുപിന്നിൽ. പാലായിലെ പല പൊതുസ്ഥാപനങ്ങളുടെ മുന്നിലും ഇത്തരത്തിൽ അസ്ഥാനത്ത് നേതാവിന്റെ പേര് രേഖപ്പെടുത്തിയ കൂറ്റൻ ബോർഡുകൾ കാണാവുന്നതാണ്.
വേണ്ടത്ര പരിപാലനം ഇല്ലാതെ നശിച്ച സിന്തറ്റിക് ട്രാക്കും ഗ്രീൻഫീൽഡും ശരിയാക്കുവാൻ യാതൊരു ശ്രമങ്ങളും നടത്താത്ത ഭരണസമിതി ഓപ്പൺ ജിംനേഷ്യം എന്നപേരിൽ എംപി ഫണ്ട് വാങ്ങി സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ മാസങ്ങൾക്കകം തുരുമ്പെടുത്തു നശിക്കും എന്നത് മുൻ അനുഭവങ്ങളിൽ നിന്ന് ബോധ്യമായിട്ടുള്ള കാര്യമാണ്. പാലാ നഗരസഭാ ഭരണസമിതി കൊട്ടി ഘോഷിച്ച് ഉദ്ഘാടനം ചെയ്ത പബ്ലിക് ടോയ്ലറ്റുകൾ ഉൾപ്പെടെ നിരവധി പദ്ധതികളുടെ നിലവിലെ സ്ഥിതി വിലയിരുത്തിയാൽ ഇതു മനസ്സിലാക്കാം. കേവലമായ വിദ്വേഷത്തിന്റെയും പകയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയപ്രയോഗങ്ങൾക്ക് വേണ്ടി പൊതുജനങ്ങൾക്ക് ഉപകാരപ്പെടേണ്ട പണം ധൂർത്തടിക്കുന്നതാണ് ദുഃഖകരം.
















