2023-24 സാമ്ബത്തിക വര്‍ഷത്തില്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ. വ്യക്തികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമാണ് ഇത്രയും രൂപ ബിജെപിക്ക് സംഭാവനയായി ലഭിച്ചിരിക്കുന്നത്.2022-23 കാലത്ത് ബിജെപിക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടിയിലധികം രൂപയാണ് ഈ സാമ്ബത്തിക വര്‍ഷം സംഭാവനയായി ലഭിച്ചത്.

ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് 288.9 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. മുന്‍വര്‍ഷത്തില്‍ ഇത് 79.9 കോടി രൂപയായിരുന്നു. പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്ന് 723.6 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. ഇത് കോണ്‍ഗ്രസിന് 156.4 കോടി രൂപയാണ് പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ നല്‍കിയത്. അതായത് 2023-24ല്‍ ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോണ്‍ഗ്രസിന്റെ പകുതിയിലധികം സംഭാവനകളും പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപിയും കോണ്‍ഗ്രസും പ്രഖ്യാപിച്ച മൊത്തം സംഭാവനകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള രസീതുകള്‍ ഉള്‍പ്പെടുന്നില്ല, കാരണം ഈ വിശദാംശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ മാത്രമേ പ്രഖ്യാപിക്കാറുള്ളൂ. ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയിരുന്നു. അതേസമയം ചില പ്രാദേശിക പാര്‍ട്ടികള്‍ സംഭാവന റിപ്പോര്‍ട്ടുകളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള രസീതുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ബിആര്‍എസിന് 495.5 കോടി രൂപ ലഭിച്ചു. ഡിഎംകെയ്ക്ക് 60 കോടിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് 121.5 കോടിയും ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ചു. ജെഎഎമ്മിന് 11.5 കോടി രൂപയും ലഭിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 2023-24 ല്‍ ബിജെപി സംഭാവനകളില്‍ 212% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് മുമ്ബുള്ള വര്‍ഷമായതിനാല്‍ തന്നെ ഇതിന് വലിയ പ്രാധാന്യമുണ്ട്.

2018-19ല്‍ ബിജെപി 742 കോടി രൂപയും കോണ്‍ഗ്രസ് 146.8 കോടി രൂപയും ആണ് സംഭാവനയായി സമാഹരിച്ചത്. ഈ സാമ്ബത്തിക വര്‍ഷം 850 കോടി രൂപ ഇലക്ടറല്‍ ട്രസ്റ്റ് വഴി ബിജെപിക്ക് ലഭിച്ചു, അതില്‍ 723 കോടി രൂപ പ്രൂഡന്റില്‍ നിന്നും 127 കോടി രൂപ ട്രയംഫ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നും 17.2 ലക്ഷം രൂപ ഐന്‍സിഗാര്‍ടിഗ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നും ലഭിച്ചു. 2023-24ല്‍ ബിആര്‍എസിനും വൈഎസ്‌ആര്‍ കോണ്‍ഗ്രസിനും യഥാക്രമം 85 കോടി രൂപയും 62.5 കോടി രൂപയും പ്രൂഡന്റ് സംഭാവന നല്‍കി.

എന്നാല്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്കും ഈ വര്‍ഷം അതത് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായിരുന്നു. നിലവില്‍ ആന്ധ്രാപ്രദേശില്‍ ഭരണകക്ഷിയായ ടിഡിപി 33 കോടി രൂപയാണ് പ്രൂഡന്റില്‍നിന്ന് സ്വീകരിച്ചത്. ട്രയംഫ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നും ജയഭാരത് ട്രസ്റ്റില്‍ നിന്നും ഡിഎംകെയ്ക്ക് എട്ട് കോടി രൂപ ലഭിച്ചു. ഇന്ത്യയുടെ ‘ലോട്ടറി കിംഗ്’ എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസില്‍ നിന്ന് ബിജെപിക്ക് 3 കോടി രൂപ ലഭിച്ചു.

ഫ്യൂച്ചര്‍ ഗെയിമിംഗ് ആണ് ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും വലിയ സംഭാവന നല്‍കിയത്. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താവ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകുപ്പിന്റെയും നിരീക്ഷണത്തിലാണ് മാര്‍ട്ടിന്‍. എഎപിക്ക് 2023-24ല്‍ 11.1 കോടിയുടെ സംഭാവന ലഭിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ വളരെ കുറവാണിത്.

അതേസമയം 2022-23ല്‍ 6.1 കോടിയായിരുന്ന സിപിഎമ്മിന്റെ സംഭാവന 2023-24ല്‍ 7.6 കോടിയായി ഉയര്‍ന്നു. മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 14.8 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക