മണാലി ശിശിര കാലത്തേക്ക് കടന്നിരിക്കുന്നു. വരണ്ട കുന്നുകളും താഴ്വാരകളും മഞ്ഞിന്‍റെ ശുഭ്രകാന്തിയിലാണ്. മണാലി മാത്രമല്ല, ഹിമാചല്‍പ്രദേശിലും കശ്മീരിലും മഞ്ഞുവീഴ്ച ശക്തമായി.ഒപ്പം സഞ്ചാരികളും ഏറി വരുന്നു. പക്ഷേ, ചില അപടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വീഡിയോകള്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രധാനമായും വാഹനം ഓടിക്കുമ്ബോള്‍ തന്നെ. റോഡ് മൂടിക്കിടക്കുന്ന മഞ്ഞിലൂടെയുള്ള വാഹന യാത്ര ഏറെ അപകടം നിറഞ്ഞതാണ്. മഞ്ഞില്‍ ടയറുകള്‍ തെന്നിപ്പോകാമെന്നത് തന്നെ കാരണം. കഴിഞ്ഞ ദിവസം മണാലിയിലെ ഒരു വാഹന യാത്ര പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏതാണ്ട്, മൂന്ന് കോടിയോളം പേരാണ് സോലാങ് വാലിയില്‍ നിന്നുള്ള ആ വാഹന യാത്രയുടെ വീഡിയോ കണ്ടത്.
‘സാഹചര്യങ്ങള്‍ ഏറെ കഠിനവും അനിയന്ത്രിതവുമാണ്’ എന്ന കുറിപ്പോടെ ഹംസ മുർതാസ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 2024 ഡിസംബര്‍ 9 -ാം തിയതിയിലേതാണ് വീഡിയോയെന്ന് എഴുതി കാണിക്കുന്നു. വീഡിയോയുടെ തുടക്കത്തില്‍ ഒരു വളവും ഇറക്കവുമുള്ള ഒരു സ്ഥലത്ത് റോഡ് അടക്കം മഞ്ഞില്‍ മൂടിയിരിക്കുന്നത് കാണാം. റോഡില്‍ കുറച്ചേറെ പേര്‍ നില്‍ക്കുമ്ബോള്‍ ഒരു എസ്യുവി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഡ്രൈവര്‍ ബ്രേക്കില്‍ കാല്‍ അമർത്തിയതിനാല്‍ വണ്ടി മഞ്ഞിലൂടെ തെന്നി നീങ്ങുകയാണ്. ആളുകള്‍ ബ്രേക്കില്‍ നിന്നും കാലെടുക്കാന്‍ വിളിച്ച് പറയുന്നുണ്ടെങ്കിലും ഡ്രൈവര്‍ അത് ശ്രദ്ധിക്കുന്നില്ല.

















