തിരുവനന്തപുരം വഞ്ചിയൂരില്‍ വഴിതടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി.സ്റ്റേജില്‍ ഇരുന്നവർക്കെതിരേ എന്തുകൊണ്ട് നടപടി ഉണ്ടായില്ലെന്ന് കോടതി ചോദിച്ചു. പോലീസ് സ്റ്റേഷന് മുന്നില്‍ പന്തല്‍ ഇട്ടിട്ട് എന്തു ചെയ്തു എന്നാണ് വഞ്ചിയൂർ സി. ഐയോട് കോടതി ആരാഞ്ഞത്.

സ്റ്റേജ് പൊളിച്ചാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകുമായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. നടപടിയെക്കുറിച്ച്‌ ഡിജിപി വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഞ്ചിയൂർ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂർണമായും അടച്ചാണ് സി.പി.എം പാളയം ഏരിയ സമ്മേളനം നടത്തിയത്. വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് എം.വി ഗോവിന്ദനായിരുന്നു. തുടർന്ന് കെ.പി.എ.സി.യുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകവും സമ്മേളനവേദിയില്‍ അരങ്ങേറിയിരുന്നു. 50-ഓളം പോലീസുകാരെയാണ് രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗതം നിയന്ത്രിക്കാനായി നിയോഗിച്ചിരുന്നത്. ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ പാതയോരങ്ങളില്‍ പോലും നടത്താൻ പാടില്ലെന്ന ഹൈക്കോടതിവിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചത്.

സംഭവത്തില്‍ വഞ്ചിയൂർ ഏരിയാകമ്മിറ്റിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 500 പേർക്കെതിരെ അനധികൃത സംഘം ചേരല്‍, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറല്‍ എന്നിവയ്ക്കാണ് കേസ്. എന്നാല്‍ വിഷയത്തില്‍ കടുത്ത നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. പോലീസിനെ അക്ഷരാർഥത്തില്‍ കോടതി എടുത്തു കുടഞ്ഞു. കോടതി കൃത്യമായ ചോദ്യങ്ങങ്ങളാണ് വഞ്ചിയൂർ സിഐയോട് ഉന്നയിച്ചത്. നിങ്ങള്‍ എന്തുകൊണ്ട് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അവരെ പ്രതിചേർത്ത് കേസെടുത്തില്ല എന്നതായിരുന്നു കോടതിയുടെ ആദ്യത്തെ ചോദ്യം. അതിന് കൃത്യമായ ഉത്തരം നല്‍കാൻ വഞ്ചിയൂർ സിഐയ്ക്ക് കഴിഞ്ഞില്ല.

‘റോഡ് തടഞ്ഞ് വേദിയൊരുക്കാൻ ആരാണ് അനുമതി നല്‍കുന്നത്? റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയത് ഡിജിപി അറിഞ്ഞിരുന്നോ? പോലീസ് സ്റ്റേഷന് മുന്നില്‍ പന്തലിട്ട് എന്തു ചെയ്തു? സ്റ്റേജില്‍ ഇരുന്നവർക്കെതിരേ കേസെടുക്കാത്തത് എന്തുകൊണ്ട്? യോഗത്തില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ എന്തുകൊണ്ട് പിടിച്ചെടുത്തില്ല? സെക്രട്ടറിയേറ്റിന് മുന്നില്‍ എന്താണ് നടന്നത്? വേദി പൊളിക്കാൻ തയ്യാറായില്ലെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് പൊളിച്ചില്ല? സമ്മേളനത്തില്‍ പങ്കെടുത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാത്തത് എന്തുകൊണ്ട്? പോലീസിന്റെ ചുമതല എന്ത്? വേദിയിലുണ്ടായിരുന്നവരെ കണ്ടെത്തിയോ?’ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

ജനറല്‍ ആശുപത്രിയിലേക്ക് അടക്കമുള്ളതാണ് ഈ വഴിയെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. സ്റ്റേജില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തുക, അവർക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് ഡിജിപി അറിയിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സ്റ്റേജിലുണ്ടായിരുന്നവരെ പ്രതിചേർത്ത് പോലീസിന് അടിയന്തരമായി കേസ് എടുക്കേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക