ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരും.കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ ധാരണയായെന്നാണ് സൂചന.തീരുമാനം വൈകരുതെന്നും, സജീവ പ്രവർത്തനത്തില്‍ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചു.പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
സംസ്ഥാന നേതൃത്വത്തിന് സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടയാളല്ല താനെന്നും തെരഞ്ഞെടുപ്പ് ജയം നേതൃത്വത്തിനുള്ള അംഗീകാരമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഏകാധിപത്യ അന്തരീക്ഷത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കെത്തിയതിന്‍റെ ആശ്വാസത്തിലാണ് താനെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ദില്ലിയിലെത്തിയ സന്ദീപ് വാര്യര്‍ എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ ദാസ്മുന്‍ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം സംസ്ഥാനതലത്തിൽ കെപിസിസി പുനസംഘടനയെ കുറിച്ച് ഇതുവരെ അന്തിമ ധാരണയായിട്ടില്ല. നിലവിലുള്ള ഭാരവാഹികളെ മാറ്റി പുതിയ ഭാരവാഹികളെ കൊണ്ടുവരണമോ അതോ അധികമായി പുതിയ ഭാരവാഹികളെ നിയോഗിച്ചാൽ മതിയോ എന്ന വിഷയത്തിലും വ്യക്തതയില്ല. കെപിസിസി പ്രസിഡൻറ് പദവി സുധാകരൻ ഒഴിയണം എന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ പദവി നിലനിർത്തിക്കൊണ്ട് തന്നെ കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചുപണിയും ഡിസിസി അധ്യക്ഷന്മാരെ ഉൾപ്പെടെ മാറ്റി ഡിസിസികളുടെ പുനസംഘടനയുമാണ് സുധാകരൻ ലക്ഷ്യമിടുന്നത് എന്നാണ് സൂചന.
ഒന്നോ രണ്ടോ ആഴ്ചകൾക്കകം പുനസംഘടനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകും. ജനുവരിക്കപ്പുറം നീണ്ടുപോയാൽ പുനസംഘടന പിന്നീട് നടക്കാൻ സാധ്യത ഇല്ല എന്നതാണ് യാഥാർത്ഥ്യം. ചേലക്കരയിൽ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കഴിയാത്ത വിഷയം കോൺഗ്രസിനെ ചിന്തിപ്പിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മികച്ച നേട്ടം കൈവരിക്കാൻ ആയില്ല എങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അത് സാധ്യതകളെ ബാധിക്കും എന്ന വിലയിരുത്തരും കോൺഗ്രസിനും യുഡിഎഫിനും ഉണ്ട്. ഈ കാരണങ്ങൾ കൊണ്ട് തന്നെ പാർട്ടിക്ക് ഉണർവ് നൽകുന്ന തീരുമാനങ്ങൾ എടുക്കാൻ നേതൃത്വം നിർബന്ധിതമാകും.

















