മുനമ്ബം നിലപാടിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പൊട്ടിത്തെറി. സംസ്ഥാന സമിതിയംഗങ്ങളും നിയോജകമണ്ഡലം പ്രസിഡന്റുമാരുമായ രണ്ടുപേർ പാർട്ടിയില്‍നിന്ന് രാജിവച്ചു.
മുനമ്ബം ഉള്‍പ്പെടെ വിഷയങ്ങളില്‍ പാർട്ടി മതേതര നിലപാടില്‍നിന്ന് വ്യതിചലിക്കുന്നു എന്നാരോപിച്ചാണ് രാജി. പൊന്നാനി മണ്ഡലം പ്രസിഡന്റ് സക്കീർ ഒതളൂർ, കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. കുറ്റിയില്‍ ഷാനവാസ് എന്നിവരാണ് രാജിവെച്ചത്.
മുനമ്ബം, ലവ് ജിഹാദ്, പൗരത്വ ദേഭഗതി വിഷയങ്ങളില്‍ പാർട്ടി നിന്നത് ആർഎസ്‌എസ് നിലപാടിനൊപ്പമെന്ന് സക്കീർ ഒതളൂർ പറഞ്ഞു. കാസയുടെ ബി ടീമായി കേരള കോണ്‍ഗ്രസ് മാറിയെന്ന് സംശയിക്കുന്നതായി ഷാനവാസ് ആരോപിച്ചു.
നാർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ പാർട്ടി നിലകൊണ്ടത് വർഗീയ ചേരിക്കൊപ്പമാണ്. മുനമ്ബം വിഷയത്തില്‍ വർഗീയ ചേരിതിരവും സ്പർദ്ധയുമുണ്ടാക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നും സക്കീർ ഒതളൂർ പറഞ്ഞു.
മുനമ്ബം വിഷയത്തില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ബിജെപി നിലപാടിനൊപ്പമാണ് നില്‍ക്കുന്നത്. സംഘ്പരിവാറും കാസയും സംഘടിപ്പിച്ചതിന് സമാനമായ പ്രതിഷേധം കേരള കോണ്‍ഗ്രസും സംഘടിപ്പിച്ചിരുന്നു. ഇത് പാർട്ടിയില്‍ നേരത്തെ തന്നെ ചർച്ചയായിരുന്നു. പാർട്ടിയുടെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ കാസയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കേരള കോണ്‍ഗ്രസ് (എം) ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനയും രാജിവെച്ച നേതാക്കള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ നേതാക്കള്‍ പാർട്ടി വിടുമെന്നാണ് ഇവർ നല്‍കുന്ന വിവരം.

















