
മുംബൈ:മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും സർക്കാർ രൂപീകരിക്കാൻ വൈകുന്നതിൽ ബി.ജെ.പിയെയും മഹായുതി സഖ്യത്തെയും വിമർശിച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. സർക്കാർ രൂപീകരിക്കാത്തതും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതും മഹാരാഷ്ട്രയിലെ ജനങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അനുമതി പോലും തേടാതെ സത്യപ്രതിജ്ഞയുടെ തീയതി പ്രഖ്യാപിച്ചത് അരാജകത്വമാണ്. ഇവിടെ പ്രതിപക്ഷ പാർട്ടികൾക്ക് മാത്രമാണ് നിയമം ബാധകമാകുന്നത്. ചില പാർട്ടികൾക്ക് നിയമം ഒരു തരത്തിലും ബാധകമാകുന്നില്ലെന്നും ആദിത്യ താക്കറെ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ ഇപ്പോൾ അവധി ആഘോഷിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പരിഹസിച്ചു.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ യോഗ്യത നേടിയവർ മുൻഗണന നൽകുന്നത് ഡൽഹിയിലേക്കുള്ള യാത്രയ്ക്കാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം മഹാരാഷ്ട്രയിൽ അധികാരത്തിലെത്തുന്ന നേതാക്കൾക്ക് അഭിനന്ദനങ്ങൾ. എന്നാൽ, മഹാരാഷ്ട്രയിൽ ഇതുവരെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താത്തത് എന്താണെന്നും താക്കറെ ചോദിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.